തൊടുപുഴ: തൊണ്ടി മുതലായ സൈക്കിൾ കടത്തികൊണ്ട് പോയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാളിയാർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയ്മോനെതിരെയാണ് അച്ചടക്ക നടപടി.
തൊടുപുഴ സ്റ്റേഷനിലെ തൊണ്ടി മുതലായ സ്പോർട്സ് സൈക്കിൾ കടത്തികൊണ്ട് പോകാനാണ് ജയ്മോൻ ശ്രമിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മേയ് അഞ്ചിനാണ് തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ തൊണ്ടിക്കുഴ സ്വദേശിയുടെ വീട്ടിൽ നിന്ന് 40 കിലോ ഒട്ടുപാലും 17,000 രൂപ വിലയുളള സൈക്കിളും മോഷണം പോയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒട്ടുപാലും സൈക്കിളും കണ്ടെടുത്തു. സൈക്കിൾ തൊടുപുഴ സ്റ്റേഷനിൽ സൂക്ഷിക്കാൻ കോടതി നിർദേശവും നൽകി.
ഉടമ സൈക്കിൾ വാങ്ങാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് സൈക്കിൾ കാണാതായ വിവരം അറിയുന്നത്. സ്റ്റേഷനിൽ നിന്ന് സൈക്കിൾ കടത്തിയത് ആരാണെന്നറിയാൻ നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് പൊലീസുകാരൻ ആണെന്ന് കണ്ടെത്തിയത്. തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം തുടങ്ങി.
ഇതുപ്രകാരം മേയ് 11ന് രാത്രി സൈക്കിൾ സ്റ്റേഷനിൽ എത്തിച്ചു. സൈക്കിൾ തിരികെ എത്തിക്കുന്നത് കാമറയിൽ പതിയാതിരിക്കാൻ ഏറെ പണിപ്പെട്ടാണ് തൊണ്ടി മുതൽ മടക്കിയെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.