തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പിൽ സുരക്ഷ ജോലിക്കിടെ വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ആശ പ്രവർത്തകരുടെ സമരപ്പന്തലിന് പിന്നിൽ സെക്രട്ടേറിയറ്റ് വളപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മേനംകുളം വനിത ബറ്റാലിയനിലെ ഉദ്യോഗസ്ഥക്കാണ് കടിയേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
നാല് മാസത്തിലധികമായി സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം നടത്തുന്നതിനാൽ രാത്രി 10 വനിത പൊലീസുകാരെ വീതം സുരക്ഷക്ക് നിയോഗിച്ചിരുന്നു. എട്ടുപേര്‍ സമരപ്പന്തലിനോട് ചേര്‍ന്നും രണ്ടുപേര്‍ സെക്രട്ടേറിയറ്റ് വളപ്പിലുമാണുണ്ടാവുക. ഇതില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ജോലി നോക്കിയിരുന്ന ഉദ്യോഗസ്ഥക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച വൈകീട്ട് ആറോടെ വനംവകുപ്പിന്റെ സർപ്പ ടീം നടത്തിയ പരിശോധനയിൽ സെക്രട്ടേറിയറ്റ് സമരഗേറ്റിന് സമീപം ചപ്പുചവറുകൾക്കിടയിൽനിന്ന് പാമ്പിനെ പിടികൂടി. ഇതാണോ വനിത പൊലീസ് ഉദ്യോഗസ്ഥയെ കടിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞയാഴ്ച ജലവിഭവ വകുപ്പ് ഓഫിസിലെ ഫയലുകൾക്കിടയിൽ പാമ്പുകളെ കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്തെ കാട് വെട്ടിത്തെളിക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.