കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കരക്ക് സമീപം കുളക്കടയിൽ വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ പൊലീസുകാർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി സിവിൽ പൊലീസ് ഒാഫിസർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. പൊലീസ് കൺട്രോൾ യൂനിറ്റിലെ സിവിൽ പൊലീസ് ഒാഫിസർ ഡ്രൈവർ വയയ്ക്കൽ പുതിയിടം കാർത്തികയിൽ മോഹനചന്ദ്രക്കുറുപ്പിെൻറ മകൻ വിപിനാണ് (34) മരിച്ചത്. കൺട്രോൾ യൂനിറ്റിലെ അഡീഷനൽ എസ്.ഐമാരായ വേണുഗോപാൽ ദാസ് (54), അശോകൻ (51) എന്നിവർക്കാണ് പരിക്കേറ്റത്.
കുളക്കട ലക്ഷംവീട് ജങ്ഷന് സമീപം ഞായറാഴ്ച പുലർച്ച 5.30നായിരുന്നു അപകടം. മിമിക്രി കലാകാരന്മാർ സഞ്ചരിച്ച കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നതറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് എത്തിയതായിരുന്നു പൊലീസുകാർ. മഹസർ തയാറാക്കുമ്പോഴാണ് ലോറി പാഞ്ഞുകയറിയത്. തണ്ണിമത്തനുമായി പോകുകയായിരുന്നു ലോറി.
പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി എത്തിച്ചെങ്കിലും വിപിനെ രക്ഷിക്കാനായില്ല. നിർത്താതെപോയ ലോറിയുടെ ഡ്രൈവർ മലമ്പുഴ സ്വദേശി സുരേഷിനെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വയക്കലിലെ വീട്ടുവളപ്പിൽ രാവിലെ 11ന് സംസ്കരിക്കും. ഭാര്യ: അഞ്ജു. മകൻ: കാർത്തിക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.