അങ്ങനെയൊരു റിപ്പോർട്ടില്ല; 873 ഉദ്യോഗസ്ഥര്‍ക്ക് പോപുലർ ഫ്രണ്ട് ബന്ധമെന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്

തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന വാർത്തകൾ നിഷേധിച്ച് പൊലീസ്. പോപുലർ ഫ്രണ്ട് ബന്ധം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍ അറിയിച്ചു.

സംസ്ഥാനത്ത് പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 873 പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയതായും ഇവരുടെ വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്നുമായിരുന്നു വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നത്.

ചില പൊലീസ് ഉദ്യോഗസ്ഥർ എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സിവിൽ ഓഫിസർമാർ മുതൽ മുകളിലുള്ളവർക്ക് വരെ ഇത്തരത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ട് എന്നാണത്രെ എൻ.ഐ.എ കണ്ടെത്തിയത്. ഇതിന്റെ രേഖകൾ അടക്കമാണ് സംസ്ഥാന പൊലീസ് മേധാവിക്ക് എൻ.ഐ.എ കൈമാറിയിരിക്കുന്നതെന്നും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പോപുലർ ഫ്രണ്ട് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ ഫോൺ രേഖകൾ ഉൾപ്പെടെ എൻ.ഐ.എ. പരിശോധിച്ചെന്നും, സംസ്ഥാനത്ത് പി.എഫ്.ഐയുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടന്നതിന് ശേഷവും പൊലീസുകാരും നേതാക്കളും തമ്മിൽ നിരന്തരമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഹർത്താൽ സമയത്ത് പൊലീസും നേതാക്കളും ഫോണിൽ ബന്ധപ്പെട്ടെന്നും എൻ.ഐ.എ കണ്ടെത്തിയതായി വാർത്തകളിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ വാർത്തകളെല്ലാം തെറ്റാണെന്ന് വ്യക്തമാക്കി നിഷേധക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് കേരള പൊലീസ്.


Tags:    
News Summary - Police deny reports of 873 officers having Popular Front connections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.