തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും. പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ആണ് പെട്ടി സ്ഥാപിക്കുക. പെട്ടിയിൽ ലഭിക്കുന്ന പരാതികളിൽ പൊലീസാണ് നടപടി സ്വീകരിക്കുക.
ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് പരാതിപ്പെട്ടിയുടെ ചുമതല നൽകും. പെട്ടികളിൽ നിന്ന് ലഭിക്കുന്ന പരാതികൾ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറന്നു പരിശോധിക്കും. തുടർന്ന് ഉചിതമായ നടപടി സ്വീകരിക്കും.
പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതം പെട്ടി തുറന്ന് പരാതികൾ പരിശോധിക്കും. പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതമാണ് പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുക.
പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായ പരാതികളിൽ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.