കോട്ടയം: പൊലീസുകാരുടെ തൊപ്പി മാറ്റും. ഡിവൈ.എസ്.പി മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബറേ തൊപ്പി ഇനി എല്ലാവർക്കും നൽകാനാണ് പുതിയ തീരുമാനം. മാസങ്ങൾക്ക് മുമ്പ് കോട്ടയത്ത് ചേർന്ന പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംഘടന നേതാക്കൾക്ക് നൽകിയ വാക്ക് പാലിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.
നിലവിലെ തൊപ്പി ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി വേണമെന്നായിരുന്നു അന്ന് ആവശ്യമുയർന്നത്. കഴിഞ്ഞദിവസം ചേർന്ന സ്റ്റാഫ് കൗണ്‍സിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ബറേ തൊപ്പി എല്ലാവർക്കും നൽകുന്നതിൽ സേനയിലെ ഉന്നതതലത്തിൽ അതൃപ്തിയും പ്രകടമാണ്.
ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുേമ്പാൾ ഇപ്പോഴത്തെ പി-തൊപ്പി സംരക്ഷിക്കാൻ പാടാണെന്നും കനത്ത ചൂടിൽ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും സംഘടന നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. കൊണ്ടുനടക്കാനും തലയിൽ സുരക്ഷിതമായി ഇരിക്കാനും ബറേ തൊപ്പി സഹായകമാണ്. പൊലീസ് ഡ്രൈവർമാരും തൊപ്പിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഡിവൈ.എസ്.പി മുതൽ മുകളിലേക്കുള്ളവർ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ സിവിൽ പൊലീസ് ഓഫിസർ മുതൽ സി.ഐ വരെയുള്ളവർക്കും ഉപയോഗിക്കാൻ ഡി.ജി.പി അനുമതി നൽകിയത്. എന്നാൽ, തൊപ്പിയുടെ നിറത്തിൽ മാറ്റമുണ്ടാകും. സി.ഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറത്തിലും താഴെയുള്ളവരുടേത് കറുപ്പുമായിരിക്കും. പാസിങ് ഔട്ട് പരേഡ്, വി.ഐ.പി സന്ദർശം, മറ്റ് ഔദ്യോഗിക ചടങ്ങുകൾ എന്നീ സമയങ്ങളിൽ പഴയ തൊപ്പി ഉപയോഗിക്കണം. പുതിയ പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.