കോൺഗ്രസ് നേതാക്കൾക്കെതിരായ പൊലീസ് അതിക്രമം; കേന്ദ്രം സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടി

കോ​ഴിക്കോട്: കെ.പി.സി.സി മാർച്ചിനുനേരെയുണ്ടായ പൊലീസ്​ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്​ഥാന സർക്കാറിനോട്​ വിശദീകരണം തേടി. കെ. മുരളീധരൻ എം.പി ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് അയച്ച പരാതിയെ തുടർന്നാണ്​ നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കർക്ക് കൈമാറണമെന്നാണ്​ നിർദേശം.

ഇക്കഴിഞ്ഞ ഡിസംബർ 23ന്​ തിരുവനന്തപുരത്ത്​ കെ.പി.സി.സി നടത്തിയ മാർച്ചിനുനേരെയാണ്​ പൊലീസ്​ അക്രമം അഴിച്ചുവിട്ടത്​. ഈ വിഷയത്തിൽ ഡിസംബർ 28നാണ്​ കെ. മുരളീധരൻ എം.പി താനടക്കമുള്ള ജനപ്രതിനിധികൾക്ക്​ നേ​രെ പൊലീസ്​ നടത്തിയ അതിക്രമങ്ങൾ ചൂണ്ടികാണിച്ച്​ കത്തയച്ചത്​.

സമാധാനപരമായി പുരോഗമിച്ച ഡി.ജി.പി ഓഫീസ് മാർച്ചിൽ നേതാക്കളടക്കമുണ്ടായിരുന്ന വേദിയിലേക്ക് ടിയർ ഗ്യാസ് ഷെൽ എറിഞ്ഞ് പൊലീസ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. പൊലീസ്​ നടപടിക്കെതിരെ സംസ്​ഥാന വ്യാപകമായി വൻ പ്രതിഷേധ പരമ്പരകളാണ്​ അരങ്ങേറിയത്​.

തിരുവനന്തപുരത്തെ ഡി.സി.സി ഓഫീസില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഡി.ജി.പി ഓഫീസിന് മുന്നില്‍ എത്തിയതിന് പിന്നാലെ നേതാക്കള്‍ സംസാരിക്കുന്നതിനിടെയാണ് പൊലീസ് നടപടിയുണ്ടായത്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.

കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍ തുടങ്ങിയ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കെ. സുധാകരൻ ഒന്നാം പ്രതിയും വി.ഡി. സതീശൻ രണ്ടാം പ്രതിയുമാണ്. കണ്ടാലറിയാവുന്ന അഞ്ഞൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. 

Tags:    
News Summary - Police brutality; The Center has sought an explanation from the state government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.