ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമം: പേരാമ്പ്ര, വടകര ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: പേരാമ്പ്രയിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് പൊലീസ് മർദനമേറ്റതിൽ ആരോപണം നേരിട്ട ഉദ്യോഗസ്ഥരടക്കം സംസ്ഥാനത്തെ 25 ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം.

വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് അസി. കമീഷണറായും പേരാമ്പ്ര ഡിവൈ.എസ്.പി എൻ. സുനിൽ കുമാറിനെ കോഴിക്കോട് സിറ്റി സി ബ്രാഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയത്. കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചപ്പോൾ പ്രയോഗിക്കാനെത്തിച്ച ഗ്രനേഡ് ഹരിപ്രസാദിന്‍റെ കൈയിൽ നിന്നായിരുന്നു പൊട്ടിയത്. ഇദ്ദേഹം പരിക്കേറ്റ് ചികിത്സതേടുകയും ചെയ്തിരുന്നു. സുനിൽ കുമാറും പൊലീസ് അതിക്രമത്തിന് നേതൃത്വം നൽകിയെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പൊലീസ് അതിക്രമത്തിൽ ഷാഫി പറമ്പിലിന്‍റെ മൂക്കിനാണ് പരിക്കേറ്റിരുന്നത്. അദ്ദേഹം പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജ് അസി. കമീഷണർ എ. ഉമേഷാണ് പുതിയ വടകര ഡിവൈ.എസ്.പി. എം.പി. രാജേഷ് ആണ് പുതിയ പേരാമ്പ്ര ഡിവൈ.എസ്.പി.

കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എസ്.എഫ് പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പ്രകടനത്തിനു നേരെ പൊലീസ് നടത്തിയ ലാത്തിചാർജിലും കണ്ണീർവാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. തലക്കും മൂക്കിനും പരിക്കേറ്റ ഷാഫിയെ മൂന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് വിധേയനാക്കി.

വ്യാഴാഴ്ചത്തെ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പേരാമ്പ്രയിൽ യു.ഡി.എഫ് ഹർത്താലായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫിസ് അടപ്പിക്കാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ വി.കെ. പ്രമോദും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വ്യാഴാഴ്ച പ്രവർത്തകർക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫും വി.കെ. പ്രമോദിനെതിരെയുള്ള കൈയേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മും പേരാമ്പ്രയിൽ പ്രകടനം നടത്തി.

ആദ്യം നടന്ന സി.പി.എം പ്രകടനം മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പിന്നീട് വന്ന യു.ഡി.എഫ് പ്രകടനം ബസ് സ്റ്റാൻഡിൽ എത്തുന്നതിനു മുമ്പ് പൊലീസ് തടഞ്ഞു. സ്റ്റാൻഡിൽ നിലയുറപ്പിച്ച സി.പി.എം പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ സംഘർഷമില്ലാതിരിക്കാനാണ് പൊലീസ് തടഞ്ഞത്. എന്നാൽ, പിരിഞ്ഞു പോകാൻ യു.ഡി.എഫ് പ്രവർത്തകർ തയാറായില്ല. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

ഗ്രനേഡ് കൈയില്‍ നിന്ന് പൊട്ടി വടകര ഡിവൈ.എസ്.പി സി. ഹരിപ്രസാദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയമാണ് ഷാഫി പറമ്പിലും കെ. പ്രവീൺ കുമാറും കെ.എം. അഭിജിത്തും എത്തുന്നത്. പിന്നീട് തുടർച്ചയായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തു.

എം.പിയെ കൂടാതെ ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, കെ.പി.സി.സി മെംബര്‍ സത്യന്‍ കടിയങ്ങാട്, ഡി.സി.സി സെക്രട്ടറി പി.കെ. രാഗേഷ്, കെ.കെ. വിനോദന്‍, കുറുക്കന്‍ കുന്നുമ്മല്‍ അഷ്‌റഫ്, ഫിനാന്‍ മാക്കത്ത്, സജീര്‍ പന്നിമുക്ക്, നിയാസ് തുളുനടത്തില്‍, ഷാജി ആനാലി എന്നിവര്‍ക്കും പരിക്കേറ്റു. ഇവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.

Tags:    
News Summary - Police atrocities against Shafi Parambil: Perambra and Vadakara DySPs transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.