2011ല്‍ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിച്ച കേസിലാണ് മൂന്നുപേരെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു മരണങ്ങള്‍ക്കു പിന്നിലും മുഖ്യപ്രതി ജോളി തന്നെയാണെന്ന് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു. സ്വത്ത് സമ്പാദിക്കുക മാത്രമായിരുന്നില്ല ഉദ്ദേശ്യം. ഓരോ കൊലക്കും ഓരോ കാരണമാണ്. എല്ലാ മരണ സമയത്തും ജോളിയുടെ സന്നിധ്യമുണ്ടായിരുന്നുവെന്ന് എസ്.പി വ്യക്തമാക്കി.
രണ്ടു മാസം മുമ്പാണ് റോയിയുടെ മരണം അന്വേഷിക്കാൻ പരാതി കിട്ടിയത്. ജോളിയുടെ മൊഴിയിൽ 50 ഓളം വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതിനാലാണ് കല്ലറകൾ തുറന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. കല്ലറകളിൽനിന്ന് രണ്ടു പേരുടെ മൃതദേഹാവശിഷ്ടം മാത്രമാണ് ലഭിച്ചത്. കല്ലറ പുതുക്കി നിർമിച്ചപ്പോൾ മറ്റു മൃതദേഹങ്ങൾ മാറ്റി.
ജോളി നാട്ടിൽ പ്രചരിപ്പിച്ചിരുന്നത് താൻ എൻ.ഐ.ടിയിലെ അധ്യാപികയാണ് എന്നായിരുന്നു. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് ജോളി പ്രചരിപ്പിച്ചു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. റോയിക്ക് സയനൈഡ് നൽകിയതു താനാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ട്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്. അതിൽ മുഖ്യപ്രതിയായ ജോളിക്ക് എല്ലാ മരണങ്ങളിലും പങ്കുണ്ടെന്ന് വ്യക്തമായി. എല്ലാ മരണത്തിനും കാരണം സ്വത്ത് തർക്കമല്ല, ഓരോ കൊലപാതകത്തിനും ഓരോ കാരണങ്ങളാണ്.
കുടുംബത്തിലെ സാമ്പത്തിക അധികാരം കൈക്കലാക്കാനാണ് അന്നമ്മ തോമസിനെ വകവരുത്തിയതെന്നാണ് ജോളിയുടെ മൊഴിയിൽ നിന്നും വ്യക്തമായത്. വീട്ടിലെ ഗൃഹനാഥയായ അന്നമ്മക്കായിരുന്നു കുടുംബത്തിന്റെ മുഴുവൻ അധികാരവും. അന്നമ്മക്ക് നേരത്തെ ആട്ടിൻസൂപ്പ് കഴിച്ചപ്പോൾ ശാരീരികാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് പരിശോധനകളിൽ അവർക്ക് ഒരസുഖവും ഇല്ലെന്നായിരുന്നു റിപ്പോർട്ട്. അതുകൊണ്ടാകാം അന്നമ്മ തോമസിന് ആട്ടിൻ സൂപ്പിൽ സയനൈഡ് നൽകിയത്.
കുടുംബ സ്വത്തു പിടിച്ചെടുക്കാനാണ് ടോം തോമസിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കേസിൽ ഒസ്യത്തു നിര്‍ണായക തെളിവാകുമെന്ന് എസ്.പി കെ.ജി.സൈമണ്‍ വ്യക്തമാക്കി.
സിലി,ഒരു വയസ്സുള്ള ആല്‍ഫൈന്‍ എന്നിവരുടെ മരണത്തിനു പിന്നിലുള്ള കാരണങ്ങളായി പറഞ്ഞിരുന്നതില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. രണ്ടുപേരുടെയും മരണം ഭക്ഷണവുമായി ബന്ധപ്പെട്ടാണ്. കുഞ്ഞ് ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷണം കഴിച്ച ശേഷവും അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിയ സിലി പരിശോധനാ മുറിക്ക് മുന്നിലിരുന്ന് വെള്ളം കുടിച്ചതിനു ശേഷവുമാണ് മരിച്ചത്.
സയനൈഡ് ജോളിക്ക് എത്തിച്ച മാത്യുവിന്‍റെ പങ്ക് സംബന്ധിച്ച് പറയാൻ ആയിട്ടില്ല. വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാലാണ് ഷാജുവിനെ അറസ്റ്റ് ചെയ്യാത്തത്. രണ്ടു മാസത്തിനിടെ 200ഓളം പേരെ ചോദ്യം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
2002 മുതല്‍ 2016 വരെ കാലയളവിലാണ് കുടുംബത്തിലെ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസാണ് 2002 ആഗസ്റ്റ് 22ന് ആദ്യം മരിച്ചത്. അന്നമ്മയെ കൊലപ്പെടുത്തിയാല്‍ വീടിെൻറ ഭരണവും സ്വത്തും കൈപ്പിടിയിലാകുമെന്ന ധാരണയിലാണ് ആദ്യ കൊല. തുടര്‍ന്ന് ആറു വര്‍ഷത്തിനുശേഷം 2008ലാണ് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ് മരിച്ചത്. ജോളിക്കും ഭര്‍ത്താവിനും സ്വത്ത് വിറ്റ് പണം നല്‍കിയെങ്കിലും ഇനി കുടുംബസ്വത്തില്‍ ഒരു അവകാശവുമുണ്ടായിരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെ, ടോം തോമസ് അമേരിക്കയിൽ പോകാനിരുന്നത് ജോളി തടസ്സപ്പെടുത്തി. തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2011ല്‍ ടോം തോമസിെൻറ മകനും ജോളിയുടെ ഭര്‍ത്താവുമായ റോയ് തോമസും കൊല്ലപ്പെട്ടു.
റോയ് തോമസിെൻറ മരണത്തില്‍ അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം. മാത്യു സംശയം പ്രകടിപ്പിക്കുകയും തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. ഇതിലാണ് മരണകാരണം സയനൈഡാണെന്ന് മനസ്സിലായത്. ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയത് മാത്യു എന്ന ഷാജിയും പ്രജികുമാറുമാണെന്ന് എസ്.പി പറഞ്ഞു.
എന്നാല്‍, റോയ് തോമസിെൻറ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ബന്ധം പിടിക്കുകയും ചെയ്തതിനാലാണ് 2014 ഏപ്രില്‍ 24ന് അമ്മാവനായ എം.എം. മാത്യുവിനെ കൊലപ്പെടുത്തിയത്. ഇതിനിടയില്‍ ടോം തോമസിെൻറ സഹോദരെൻറ മകന് ഷാജുവുമായി ജോളി പ്രണയത്തിലായി. ഇതിനുള്ള തടസ്സം നീക്കാനാണ് ഷാജുവിെൻറ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയത്.
2014 മേയ് ഒന്നിനാണ് ഒരുവയസ്സുള്ള ആല്‍ഫൈന്‍ മരിച്ചത്. രണ്ടു വര്‍ഷത്തിനുശേഷം 2016 ജനുവരി 11ന് ഷാജുവിെൻറ ഭാര്യ സിലിയും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ ജോളി തോമസും ഷാജുവും വിവാഹിതരായി. പ്രതികൾക്കെതിരെ കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ല ജയിലിലേക്കു മാറ്റി. ശനിയാഴ്ച രാത്രിയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.