കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിലെ (പി.എൻ.ബി) വിവിധ അക്കൗണ്ടുകളിൽനിന്ന് കോഴിക്കോട് കോർപറേഷന്റെതടക്കം 10 കോടിയിൽപരം രൂപ തട്ടിയ സംഭവത്തിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ അന്വേഷണ സംഘം. ബാങ്കിലെ മുൻ സീനിയർ മാനേജർ എം.പി. റിജിലിനെയാണ് ഇതുവരെ കണ്ടെത്താനാവാത്തത്.
തട്ടിപ്പുനടന്ന പി.എൻ.ബി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ് ശാഖയിലെ നിലവിലെ സീനിയർ മാനേജർ സി.ആർ. വിഷ്ണുവിന്റെ പരാതിയിൽ ഡിസംബർ 29നാണ് ഇയാൾക്കെതിരെ ടൗൺ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വൻ തട്ടിപ്പാണ് നടന്നതെന്ന് പ്രാഥമികാന്വേഷണത്തിൽതന്നെ വ്യക്തമായതോടെ സിറ്റി പൊലീസ് മേധാവി എ. അക്ബർ കേസിന്റെ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. അസി. കമീഷണർ ടി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണിപ്പോൾ കേസന്വേഷിക്കുന്നത്.
കേസ് രജിസ്റ്റർ ചെയ്ത ഡിസംബർ 29 മുതൽ പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. സൈബർ സെല്ലിന്റെ സഹായം തേടിയിട്ടും മൊബൈൽ ഫോൺ ലൊക്കേഷൻ വഴിയുള്ള അന്വേഷണം കാര്യക്ഷമമാകുന്നില്ല. പ്രതിയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഇയാൾ പോവാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
പ്രതി രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഉടൻ പിടയിലാവുമെന്നും കേസന്വേഷിക്കുന്ന ടി.എ. ആന്റണി പറഞ്ഞു. ഇയാളുടെ ഇടപാടുകൾ സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇനി ചോദ്യംചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ജില്ല കോടതി തള്ളിയിരുന്നു. ഇതോടെ ഇയാൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. തട്ടിയെടുത്ത തുകയിൽ 10 കോടിയിൽപരം രൂപ ഓഹരിക്കമ്പോളത്തിലാണ് നിക്ഷേപിച്ചത്. എന്നാൽ, ഇതിലൊരു തുകപോലും തിരിച്ചുവന്നിട്ടില്ലെന്നാണ് ലഭ്യമായ തെളിവുകളിൽനിന്ന് അന്വേഷണസംഘത്തിന് വ്യക്തമായത്. തട്ടിപ്പ് നടത്തിയതിനുപിന്നാലെ എരഞ്ഞിപ്പാലം ശാഖയിലേക്ക് മാറിയ ഇയാളെ ബാങ്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പായതിനാൽ കേസിൽ സി.ബി.ഐ അന്വേഷണത്തിനും സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.