കൊച്ചി: സി.എം.ആർ.എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണക്കും കരിമണൽ കമ്പനിക്കും വീണ്ടും തിരിച്ചടി. എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകാൻ പി.എം.എൽ.എ പ്രത്യേക കോടതി ഉത്തരവിട്ടു.
ഇ.ഡി ആവശ്യം എതിര്‍ത്ത സി.എം.ആർ.എൽ നിലപാട് തള്ളിക്കൊണ്ടാണ് പ്രത്യേക കോടതിയുടെ നിർദേശം. ഇതനുസരിച്ച് സി.എം.ആർ.എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാടുകള്‍, കത്തിടപാടുകൾ, വീണയുടെ മൊഴി, സി.എം.ആർ.എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴുള്ള വിവരങ്ങൾ, വീണയുടെയും എക്സാലോജിക്കിന്റെയും അക്കൗണ്ട് വിവരങ്ങൾ തുടങ്ങി 54 വാല്യങ്ങളിലായി നൽകിയ 134 രേഖകളുടെ അംഗീകൃത പകർപ്പ് ഇ.ഡിക്ക് ലഭിക്കും. അതേസമയം, രേഖകൾ നൽകുന്നതിനെ എസ്.എഫ്.ഐ.ഒ എതിർത്തില്ല.
എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ തുടര്‍നടപടി സ്റ്റേ ചെയ്തതാണെന്നും തങ്ങള്‍ ഈ അപേക്ഷയില്‍ കക്ഷിയല്ലെന്നുമായിരുന്നു സി.എം.ആർ.എല്ലിന്റെ വാദം. ഒരു കേസിന്റെ ഭാഗമായി അന്വേഷണ ഏജന്‍സി സമർപ്പിച്ച രേഖകളും മൊഴികളും മറ്റൊരു കേസിന്റെ ഭാഗമായി വേറൊരു ഏജൻസിക്ക് ഉപയോഗിക്കാനാവില്ല. അതിനാൽ, അപേക്ഷ അനുവദിക്കരുതെന്നായിരുന്നു സി.എം.ആർ.എല്‍ നിരത്തിയ വാദം.
എന്നാല്‍, അന്വേഷണ ഏജന്‍സി എന്ന നിലയില്‍ ഇ.ഡിക്ക് രേഖകള്‍ നല്കുന്നതില് തെറ്റില്ലെന്ന് നിരീക്ഷിച്ച കോടതി സി.എം.ആർ.എൽ വാദങ്ങൾ തള്ളി രേഖകൾ നൽകാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.