കാന്തപുരം വിഭാഗവുമായി ലീഗിന് ഒരു എതിർപ്പുമില്ലെന്ന് പി.എം.എ. സലാം; ‘എ.പി. അബൂബക്കർ മുസ്‍ലിയാർക്ക് അദ്ദേഹത്തിന്റെ അഭി​പ്രായം പറയാനുള്ള അവകാശമുണ്ട്’

എടക്കര (മലപ്പുറം): കാന്തപുരം വിഭാഗവുമായോ മറ്റേതെങ്കിലും വിഭാഗങ്ങളുമായോ മുസ്‍ലിം ലീഗിന് എതിർപ്പില്ലെന്ന് സംസ്ഥാന ​ജനറൽ സെക്രട്ടറി പി.എം.എ. സലാം. ആരുമായും ഭിന്നിപ്പില്ല. മുസ്‍ലിം ലീഗ് വെറുതെ ഒരു കൂട്ടരെ ശത്രുക്കളായൊന്നും കരുതാറില്ല. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർക്കോ അതുപോലുള്ള ഏത് പണ്ഡിതനോ അവരവരുടെ അഭി​പ്രായം പറയാനുള്ള അവകാശമുണ്ട്. മുസ്‍ലിം സമുദായത്തിലെ മാത്രമല്ല, ഏത് സമുദായത്തിന്റെ ആചാര്യനും അവരുടെ അഭിപ്രായം പറയാം. നമ്മളതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം.

സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമമുറകള്‍ മതം അംഗീകരിക്കുന്നില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് പി.എം.എ സലാം ഇങ്ങനെ പറഞ്ഞത്. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മതത്തിന്റെ അഭിപ്രായം പറയാൻ ഇന്ത്യൻ ഭരണ ഘടന എല്ലാ മത നേതാക്കൾക്കും ഏതൊരു വ്യക്തിക്കും അവകാശം കൊടുക്കുന്നുണ്ട്. ആ അവകാശം അദ്ദേഹം ഉപയോഗിക്കുമ്പോൾ അതിന്റെ മേലെ കയറു​ന്നതെന്തിനാണ്? അദ്ദേഹത്തിന്റെ അനുയായികളോട് അദ്ദേഹത്തിന്റെ അഭിപ്രായം പറയുകയാണ്. ഞാൻ നാളെ പോത്തുകല്ലിലെ ബൈത്തുർറഹ്മ ചടങ്ങിൽ പ​ങ്കെടുക്കണമെന്ന് എല്ലാവരോടും പറയുമ്പോൾ അതിനെ മറ്റുള്ളവർ എന്തിനാണ് എതിർക്കുന്നത്? അദ്ദേഹം മതപരമായ അഭിപ്രായമാണ് പറഞ്ഞത്. മുസ്‍ലിം ലീഗ് മതപരമായ അഭിപ്രായം പറയാറില്ല. രാഷ്ട്രീയമായ അഭിപ്രായമേ പറയുകയുള്ളൂ. മുസ്‍ലിം ലീഗ് മതസംഘടനയല്ല, രാഷ്ട്രീയ പാർട്ടിയാണ്. ഇതിൽ എല്ലാ മത വിഭാഗങ്ങളുമുണ്ട്, എല്ലാ മതക്കാരുമുണ്ട്.

കാന്തപുരത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്നായിരുന്നു ഗോവിന്ദന്റെ അഭിപ്രായം. ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരുന്നു.

എം.വി. ഗോവിന്ദന്റെ വിമർശനത്തെ പരിഹസിച്ച് രംഗത്തെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും മറുപടി നൽകി. ഇതിനു​പക്ഷേ, എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞില്ല.

കഴിഞ്ഞ ദിവസം സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ കാന്തപുരത്തിന് പരോക്ഷ മറുപടി നൽകി. ജില്ലയിൽ ആകെ അംഗങ്ങളിൽ 32.99 ശതമാനം വനിതകളാണെന്നും മൂന്ന് വർഷത്തിനിടെ സ്ത്രീകളുടെ അംഗത്വത്തിൽ അഞ്ച് ശതമാനം വർധിച്ചുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആകെയുളള 4421 ബ്രാഞ്ചുകളിൽ 242 സെക്രട്ടറിമാരും വനിതകളാണെന്നും വിശദീകരിച്ചു. കണ്ണൂരിലെ ഏരിയ കമ്മിറ്റി സെക്രട്ടറിമാരുടെ എണ്ണത്തിൽ ജയരാജൻ പക്ഷേ, അക്കമിട്ട് മറുപടി പറഞ്ഞില്ല.

Tags:    
News Summary - PMA Salam says the League has no objection to the Kanthapuram faction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.