പ്രതിഷേധക്കാർക്ക് നേരെ ജലഭീരങ്കി ഉപയോഗിക്കുന്ന പൊലീസ്

പി.എം. ശ്രീ: പ്രതിഷേധക്കാർക്ക് നേരെയുള്ള ജലപീരങ്കി പ്രയോഗത്തിൽ ചെളിവെള്ളം; ശരീരമാസകലം ചൊറിയുന്നതായി വിദ്യാർഥികൾ

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ നിന്നും വി.ഡി. സതീശൻ സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് സി.പി.ഐ യുവജന, വിദ്യാർഥി സംഘടനകളായ എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. തുടർന്ന്, പ്രതിഷേധക്കാരെ മാറ്റാൻ വേണ്ടി മൂന്ന് തവണ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. ജലപീരങ്കിയിൽ ചെളിവെള്ളമാണ് ഉണ്ടായെതെന്ന് ആരോപിച്ച് വിദ്യാർഥികൾ രംഗത്തെത്തി.

പ്രതിഷേധക്കാരെ നേരിടാൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുമ്പിൽ ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികൾ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു. തുടർന്ന് ജലപീരങ്കി ഉപയോഗിച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. അര മണിക്കൂറുകൾക്ക് ശേഷം ശരീരമാസകലം ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ആദ്യം ജലപീരങ്കിയിൽ നിന്നും കട്ട ചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള വെള്ളവുമാണ് വന്നതെന്നാണ് വിദ്യാർഥികൾ വ്യക്തമാക്കി. കക്കൂസ് മാലിന്യം കലർന്നിട്ടുള്ള വെള്ളമാണോ ഉപയോഗിച്ചതെന്ന സംശയവും വിദ്യാർഥികൾ പങ്കുവെച്ചു.

'വിദ്യാർഥികളുടെയും ചെറുപ്പക്കാരുടെയും നേരെ ജലപീരങ്കിയിൽ പൊലീസ് ഉപയോഗിച്ചത് ചെളിവെള്ളമാണ്. അത് വെറും ചെളിവെള്ളം മാത്രമല്ല. ചൊറിച്ചിലുണ്ടാക്കുന്ന ചെളിവെള്ളമാണ്. പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന്' പ്രതിഷേധത്തിൽ പങ്കെടുത്ത തൃശൂർ ഒല്ലൂർ എം.ൽ.എ കെ. രാജൻ പറഞ്ഞു.

കേരളത്തിൽ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ശക്തമായ രാഷ്ട്രീയ തർക്കങ്ങളും പ്രതിഷേധങ്ങളുമാണ് നടക്കുന്നത്. യു.ഡി.എഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെയാണ് സംസ്ഥാനത്ത് ഈ വിഷയം വീണ്ടും വലിയ ചർച്ചയായത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും പ്രാഥമിക വിഹിതമായി തുക സ്വീകരിക്കുകയും ചെയ്തതിനാൽ പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിക്കാനുള്ള ആയിരം കോടിയിലേറെ രൂപയുടെ സമഗ്ര ശിക്ഷാ അഭിയാൻ (എസ്.എസ്.എ) ഫണ്ട് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈ ഫണ്ട് അത്യാവശ്യമാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, കേരളത്തിന്റെ പാഠ്യപദ്ധതി സ്വയംഭരണാധികാരത്തെയും മതേതര നിലപാടുകളെയും ബാധിക്കാത്ത രീതിയിൽ മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും സർക്കാർ ഉറപ്പുനൽകുന്നു.

Tags:    
News Summary - PM Sri: Muddy water from water cannon used on protesters; students say they are scratching their entire bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.