കാസർകോട്: എസ്.എഫ്.ഐക്കാർ മുണ്ടുടുത്ത് സമരത്തിനിറങ്ങരുതെന്നും മുണ്ട് മടക്കികുത്തേണ്ടിവന്നാൽ കാവികളസം പൊതുജനം കാണുമെന്നും എ.ഐ.വൈ.എഫ് കാസർകോട് ജില്ല സെക്രട്ടറി എം.ശ്രീജിത്ത്. പി.എംശ്രീയിൽ സർക്കാർ ഒപ്പുവെച്ചതിൽ പ്രതിഷേധിച്ച് കാസർക്കോട് സംഘടിപിച്ച പരിപാടിയിൽ സംസാരിക്കവെയാണ് രൂക്ഷമായ പരിഹാസം.
വിദ്യാഭ്യാസ രംഗത്ത് ആർ.എസ്.എസ് തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തെ എതിർക്കാൻ തന്നെയാണ് എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും തീരുമാനിച്ചിട്ടുള്ളതെന്നും ശ്രീജിത്ത് പറഞ്ഞു.
ഇടതുപക്ഷ നിലപാടുകൾക്കും നയങ്ങൾക്കുമെതിരായിട്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ശിവൻകുട്ടിയുടെ പാർട്ടി ജനറൽ സെക്രട്ടറി ഈ വിഷയത്തിൽ നയം വ്യക്തമാക്കിയതാണ്. ജനറൽ സെക്രട്ടറിക്ക് ബോധ്യമായ പ്രശ്‌നം ശിവൻകുട്ടിക്ക് മനസിലാവാത്തതെന്താണെന്നത് സംശയാസ്പദമാണ്.
ഫണ്ടാണ് വിഷയമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുകയോ, ചർച്ചകൾ നടത്തുകയോ ചെയ്യാം. ഫണ്ടിന്റെ പേരുപറഞ്ഞ് കാലങ്ങളായി പടുത്തുയർത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ തകർക്കാനുള്ള പരിശ്രമത്തെ ചെറുത്തു തോൽപിക്കണമെന്ന് തന്നെയാണ് പാർട്ടി തീരുമാനമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
ന്യൂഡൽഹി: പി.എം ശ്രീ ധാരണാപത്രം ഒപ്പുവെക്കുമെന്ന് കേരള സർക്കാർ 2024 മാർച്ചിൽ തന്നെ കേന്ദ്രവുമായി ധാരണയിലെത്തിയിരുന്നുവെന്നും കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ. കേരളം കൂടെ വന്നതിൽ സന്തോഷമുണ്ടെന്നും ഇനി എല്ലാവരും ഒരുമിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നും സഞ്ജയ് കുമാർ വ്യക്തമാക്കി. ന്യൂഡൽഹി വിജയ് ചൗക്കിൽ പദാന്ധത ബോധവൽക്കരണ പരിപാടിക്കിടെ പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് കുമാർ.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേരളത്തോട് നിരന്തരം സംഭാഷണവും ആശയവിനിമയവും തുടരുകയായിരുന്നുവെന്നും ഒടുവിൽ ഒപ്പുവെച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും സഞ്ജയ് കുമാർ പറഞ്ഞു. തങ്ങളുടെ പാഠ്യക്രമത്തിന്റെയും പാഠപുസ്തകങ്ങളുടെയും കാര്യത്തിൽ കേരളം പ്രതിജഞാബദ്ധമാണെങ്കിലും ദേശീയ തലത്തിൽ പാഠ്യക്രമത്തിലും മൂല്യനിർണയത്തിലും തുല്യനിലവാരവും നമുക്കാവശ്യമാണ്. ഇവയെല്ലാം ദേശീയ വിദ്യാഭ്യാസ നയം നോക്കുന്നുണ്ട്. വിദ്യാഭ്യാസമെന്നത് ദേശീയ തലത്തിൽ മാത്രമല്ല, അന്തർദേശീയ തലത്തിലും നോക്കേണ്ട ഒന്നാണ്.
വിദ്യാഭ്യാസം സമവർത്തിപ്പട്ടികയിലായതിനാൽ നിർബന്ധം എന്ന് പറയാവുന്ന ഒന്നുമില്ലെന്ന് എൻ.ഇ.പി പാഠ്യപദ്ധതി നടപ്പാക്കൽ നിർബന്ധമാണോ എന്ന ചോദ്യത്തോട് സഞ്ജയ് കുമാർ പ്രതികരിച്ചു. നമ്മുടെ വിദ്യാഭ്യാസം എങ്ങിനെയായിരിക്കണമെന്നതിന്റെ ഒരു ദർശനവും രൂപരേഖയുമാണ് ദേശീയ വിദ്യാഭാസ നയം. രാജ്യത്ത് ദേശീയ തലത്തിൽ ഒരു നയരൂപവൽക്കരണം ആവശ്യമാണ്. വിദ്യാഭ്യാസത്തിൽ മുന്നിട്ടുനിൽക്കുന്ന ഒരു സംസ്ഥാനമായ കേരളം പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്നത് എന്നത് സന്തോഷമേറ്റുന്ന കാര്യമാണ്.
ഒരിക്കൽ ഒപ്പുവെച്ചാൽ പദ്ധതിയിൽ നിന്ന് പിന്മാറാനാകുമോ എന്ന കേരളത്തിലെ തർക്കത്തെ കുറിച്ച് ചോദിച്ചപ്പോൾ അതേ കുറിച്ച് താൻ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം മറുപടി നൽകി. കേരളം തങ്ങളോടൊപ്പം വന്നതിലും ഞങ്ങളെല്ലാവരും ഒരുമിച്ച് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലും അങ്ങേയറ്റം സന്തോഷമുണ്ടെന്നും സഞ്ജയ് കുമാർ പറഞ്ഞു. കേരളത്തിന്റെ അനുഭവത്തിൽ നിന്ന് രാജ്യത്തിനൊന്നാകെ പഠിക്കാനുണ്ടെന്നും സഞ്ജയ് കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, പി.എം ശ്രീ പദ്ധതി ഒപ്പിട്ട് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കാൻ തയാറാണെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതോടെ സംസ്ഥാന സർക്കാറും ഇടതുമുന്നണിയും പ്രഖ്യാപിച്ചത് വ്യക്തമായ നയംമാറ്റമാണ്. ആർ.എസ്.എസ് അജണ്ടയിൽ കേന്ദ്രസർക്കാർ തയാറാക്കിയ എൻ.ഇ.പിക്കെതിരെ 2020 മുതൽ ശക്തമായ പ്രതിരോധം ഉയർത്തിയ സർക്കാറും മുന്നണിയുമാണ് കേരളത്തിൽ ഭരണത്തിലുള്ളത്.
വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ നയരേഖ തയാറാക്കുകയും കേന്ദ്രത്തെ വിയോജിപ്പുകൾ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നങ്ങോട്ട് എൻ.ഇ.പിയുടെ മറവിൽ വിദ്യാഭ്യാസ മേഖലയിൽ പ്രത്യക്ഷപ്പെട്ട കാവിവത്കരണങ്ങൾക്കെതിരെ നിലയുറപ്പിച്ചു. സംസ്ഥാന സർക്കാറിന്‍റെ നിലപാട് ദേശീയ തലത്തിൽ ശ്രദ്ധനേടുകയും കേരളം ബദൽ നയം സൃഷ്ടിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതാണ് പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ട് സർക്കാറും മുന്നണിയും തിരുത്തിയത്.
എൻ.ഇ.പിക്ക് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ വാർത്താസമ്മേളനത്തിൽ ചോദിച്ചു. എല്ലാകാലത്തും ഒരു നയത്തിൽ തന്നെ തുടരാൻ കഴിയില്ലെന്നും എൻ.ഇ.പിയിൽ സാധ്യമാകുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി തുറന്നുപറഞ്ഞു. ഇടതുനയം മാത്രം നടപ്പാക്കുന്ന സർക്കാരല്ല ഇതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വിശദീകരണം. കരാർ ഒപ്പിട്ടത് ഭരണപരമായ വിഷയമാണെന്ന് പറഞ്ഞാണ് സർക്കാർ നടപടിയെ ഗോവിന്ദൻ ന്യായീകരിച്ചത്.
ആരോഗ്യ, കാർഷിക മേഖലകളിൽ കേന്ദ്രസർക്കാർ പദ്ധതികളിൽ നിന്ന് ഫണ്ട് വാങ്ങിയതിന്‍റെ കണക്ക് നിരത്തിയാണ് സർക്കാറും പാർട്ടിയും നടപടിയെ ന്യായീകരിക്കുന്നത്. എന്നാൽ ഒരുതലമുറയെ തന്നെ ആശയതലത്തിൽ സ്വാധീനിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ നയംമാറ്റത്തിനാണ് മുന്നണിയും പിണറായി സർക്കാറും പച്ചക്കൊടി വീശിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.