കോഴിക്കോട്: വഖഫ് ബോർഡിൽ പ്രതിനിധി ഇല്ലാത്തതുമായി ബന്ധപ്പെട്ട് സുന്നി കാന്തപുരം വിഭാഗം പരസ്യപ്രതിഷേധവുമായി രംഗത്തുവന്നതിൽ മുസ്ലിം ലീഗിന് അതൃപ്തി. കഴിഞ്ഞദിവസം ചേർന്ന ലീഗ് ഭാരവാഹി യോഗത്തിൽ വിഷയം ചർച്ചയായിരുന്നു. വഖഫ്ബോർഡിൽ ഇടതുഭരണ കാലത്ത് നടന്ന പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തെ ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും അന്ന് ഈ വിഭാഗത്തിന് പരാതിയോ പ്രതിഷേധമോ ഉണ്ടായിരുന്നില്ല.

നിലവിൽ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം, മുഅല്ലിം ക്ഷേമനിധി ബോർഡ് തുടങ്ങിയവയിൽ ഏതെങ്കിലും കാന്തപുരം വിഭാഗത്തിന് പരിഗണിക്കാനായിരുന്നു ലീഗ് നേതൃത്വം ആലോചിച്ചത്. എൽ.ഡി.എഫ് ഭരണകാലത്ത് ടി.കെ. ഹംസ ചെയർമാനായ വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രതിനിധി ഉണ്ടായിരുന്നില്ല. ഒന്നര വർഷം കാലാവധി ഉണ്ടായിരിക്കെ, മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള ഭിന്നതയെ തുടർന്ന് ‘ആരോഗ്യ’ കാരണത്താൽ ടി.കെ. ഹംസ രാജിവെച്ചപ്പോൾ എം.കെ. സക്കീർ ചെയർമാനായി പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലും കാന്തപുരം വിഭാഗം ഉണ്ടായിരുന്നില്ല.

പിന്നീട് പൊന്നാനിയിൽ മത്സരിക്കാനായി എം.കെ. സക്കീർ രാജിവെച്ചതിനെ തുടർന്ന് കെ.എസ്. ഹംസ ചെയർമാനായി പുനഃസംഘടിപ്പിക്കപ്പെട്ട കമ്മിറ്റിയിലും കാന്തപുരം വിഭാഗം ഉണ്ടായിരുന്നില്ല. പക്ഷേ, എൽ.ഡി.എഫ് സർക്കാറിന്‍റെ നിലപാടിനെതിരെ ഒരുതരത്തിലുള്ള പ്രതിഷേധവും ഉയർത്താതിരുന്ന കാന്തപുരം വിഭാഗം, യു.ഡി.എഫ് സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ പ്രതിഷേധവുമായി രംഗത്തുവന്നത് ആസൂത്രിതമാണെന്നാണ് ലീഗ് വിലയിരുത്തൽ.

എന്നാൽ, സമസ്ത ഇ.കെ വിഭാഗത്തിലെ പ്രശ്നങ്ങൾക്കിടയിൽ കാന്തപുരം വിഭാഗത്തോടും ഏറ്റുമുട്ടൽ പാത സ്വീകരിക്കരുതെന്ന നിലപാടിന്‍റെ ഭാഗമായാണ് അനുരഞ്ജനത്തിന് ലീഗ് നേതൃത്വം മുന്നിട്ടിറങ്ങിയത്.

അതേസമയം, നോമിനേറ്റഡ് ബോഡികളിൽ അതതു സർക്കാർ നിയമിക്കുന്നവർ പുതിയ സർക്കാർ വരുമ്പോർ രാജിവെക്കാറാണ് പതിവ്. പക്ഷേ, എൽ.ഡി.എഫ് സർക്കാറിൽ 2024 ഡിസംബറിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത കാന്തപുരം വിഭാഗം മുശാവറ അംഗം ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സ്ഥാനം രാജിവെച്ചിട്ടില്ല. ഒന്നര വർഷം കൂടി കാലാവധിയുണ്ടെന്ന നിലപാടിലാണ് കാന്തപുരം വിഭാഗം. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ രാജിവെപ്പിച്ച് ഹജ്ജ് കമ്മിറ്റി പുനഃസംഘടനയിൽ ഉൾപ്പെടുത്താനാണ് ആലോചിച്ചത്. എന്നാൽ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ചുള്ളിക്കോട് രാജിവെച്ചില്ലെങ്കിൽ വഖഫ് ബോർഡിൽ അവരെ ഉൾപ്പെടുത്തുന്നതിനോട് ഭൂരിഭാഗം ലീഗ് നേതാക്കൾക്കും വിയോജിപ്പാണുള്ളത്.

കർണാടകയിൽ ബി.ജെ.പി സർക്കാർ വഖഫ് കൗൺസിൽ ഉപാധ്യക്ഷ സ്ഥാനത്തേക്ക് അവരോധിച്ച കാന്തപുരം വിഭാഗം നോമിനി മുഹമ്മദ് ഷാഫി സഅദി പിന്നീട് കോൺഗ്രസ് സർക്കാർ കാലത്തും സ്ഥാനം നിലനിർത്തിയത് വിവാദമായിരുന്നു. ഇതിനു കേരളത്തിൽ നിന്നുള്ള ഉന്നത കോൺഗ്രസ് നേതാവിന്റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

വഖഫ് ബോർഡിലെന്ന പോലെ ഹജ്ജ് കമ്മിറ്റി, മുഅല്ലിം ക്ഷേമനിധി ബോർഡ്, ഓർഫനേജ് കൺട്രോൾ ബോർഡ്, ന്യൂനപക്ഷ കമീഷൻ തുടങ്ങിയവയിലെല്ലാം സ്ഥാനം ഉറപ്പിക്കാൻ ഇത്തരം സമ്മർദ്ദങ്ങളുണ്ടായാൽ വഴങ്ങേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്.

Tags:    
News Summary - Waqf Board Reorganisation: Muslim League Displeased with Kanthapuram Faction’s Stance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.