മാസപ്പടി: പിണറായിയുടെ അപ്പീൽ തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കമുള്ളവർ നൽകിയ അപ്പീൽ ഹരജികൾ ഹൈകോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, ഇവരുടെ സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകിയ സി.പി.എം നേതാവ് പി. നിഖിൽ, കെ. വാരിസ്, ഷൈജൽ, എം. നന്ദുലാൽ എന്നിവർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പിൽ നൽകാനുള്ള അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും വിജിലൻസ് അന്വേഷണം 10 ദിവസത്തേക്ക് തടയുകയും ചെയ്തതിനെ തുടർന്നാണ് നേരത്തെ നൽകിയ അപ്പീൽ പരിഗണനക്കെത്തുന്നത്. സുപ്രീംകോടതി ഉത്തരവ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു.
വെള്ളിയാഴ്ച കോടതി നടപടികൾക്കിടെ അപ്പീൽ ഹരജി പരിഗണിക്കണമെന്ന ആവശ്യം പിണറായിയുടെയും മറ്റുള്ളവരുടെയും അഭിഭാഷകർ ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ ഉന്നയിച്ചിരുന്നു. തുടർന്നാണ് ഹരജി തിങ്കളാഴ്ച ബന്ധപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരിഗണനക്കെത്തുമെന്ന് വ്യക്തമാക്കിയത്. അപ്പീൽ സമർപ്പിക്കാനുള്ള അനുമതി നിഷേധിച്ച ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ബെഞ്ച്തന്നെ ഇത് പരിഗണിക്കട്ടെയെന്നാണ് കോടതി പറഞ്ഞത്. ഹരജി പരിഗണിക്കുമ്പോൾ പിണറായിക്കും മറ്റും വേണ്ടി സുപ്രീംകോടതി അഭിഭാഷകർ ഹാജരാകും.
മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം നടത്താനുള്ള സർക്കാർ ഉത്തരവ് നിയമവിരുദ്ധമെന്ന് വിലയിരുത്തി, അത് റദ്ദാക്കുകയും കേസെടുത്ത് അന്വേഷിക്കുകയും ചെയ്യാനുള്ള ഉത്തരവാണ് സിംഗിൾബെഞ്ച് പുറപ്പെടുവിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ നൽകിയ ഹരജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരെ അപ്പീൽ നൽകാനുള്ള അനുമതിയാണ് നേരത്തെ ഡിവിഷൻബെഞ്ച് നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.