സർക്കാർ ചികിത്സ പദ്ധതി: ആശുപത്രികളുടെ കുടിശ്ശിക 2080 കോടി

കൊച്ചി: താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടുള്ള ചികിത്സ പദ്ധതികൾ നടപ്പാക്കിയ വകയിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് 2080 കോടി. കുടിശ്ശിക വർധിച്ചതോടെ പദ്ധതി നിർത്തിവെക്കേണ്ട അവസ്ഥയിലാണ് പല ആശുപത്രികളും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, കാരുണ്യ ബെനവലന്‍റ് പദ്ധതി, ആരോഗ്യ കിരണം, ഹൃദ്യം, അമ്മയും കുഞ്ഞും, ആർ.ബി.എസ്.കെ എന്നീ പദ്ധതികൾ വഴി ഗുണഭോക്താക്കൾക്ക് ചികിത്സ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് ആശുപത്രികൾക്ക് 2080.50 കോടി നൽകാനുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.

അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ സൗജന്യ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴിൽ ദരിദ്രരും ദുർബലരുമായ 42 ലക്ഷം കുടുംബങ്ങളിലെ 64 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. ഈ പദ്ധതിയിലാണ് കൂടുതൽ തുക ആശുപത്രികൾക്ക് കിട്ടാനുള്ളത്: 1652.45 കോടി. അർബുദം, ഹൃദ്രോഗം, വൃക്കരോഗം, ഹീമോഫീലിയ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ സഹായം നല്‍കുന്നതാണ് കാരുണ്യ ബെനവലന്‍റ് പദ്ധതി.

 

18 വയസ്സുവരെയുള്ളവർക്കായി നടപ്പാക്കുന്ന സമഗ്ര സൗജന്യ ആരോഗ്യ സംരക്ഷണ പദ്ധതിയായ ‘ആരോഗ്യ കിരണം’, ജന്മനാ ഹൃദ്രോഗവുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും തുടർപരിചരണവും ഉറപ്പാക്കുന്ന ‘ഹൃദ്യം’, ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും സർക്കാറാശുപത്രികളിൽ സൗജന്യ ചികിത്സയടക്കം നൽകുന്ന ‘അമ്മയും കുഞ്ഞും’, ജനനം മുതൽ 18 വയസ്സുവരെയുള്ളവരിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി സൗജന്യ ചികിത്സ ഒരുക്കുന്ന രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമം (ആർ.ബി.എസ്.കെ) എന്നിവയാണ് കുടിശ്ശിക ലഭിക്കാതെ പ്രതിസന്ധിയിലായ മറ്റ് പദ്ധതികൾ. എംപാനൽ ചെയ്ത ആശുപത്രികൾ വഴി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കുടിശ്ശിക തീർക്കാൻ ഒക്ടോബർ ആദ്യം 500 കോടി അനുവദിച്ചിരുന്നു. ഇത് ആദ്യ കുടിശ്ശിക ആദ്യം എന്ന രീതിയിൽ ആശുപത്രികൾക്ക് നൽകാനാണ് നിർദേശം. എന്നാൽ, കുടിശ്ശികയായ ഭീമമായ തുകയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ മരുന്നും സർജിക്കൽ സാമഗ്രികളും വാങ്ങാൻ പ്രയാസപ്പെടുകയാണ് ആശുപത്രി വികസന സമിതികൾ. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളജുകൾക്കാണ് കൂടുതൽ കുടിശ്ശിക. ഒരു കോടിയിലധികം രൂപ വീതം കിട്ടാനുള്ള താലൂക്ക് ആശുപത്രികളുമുണ്ട്.

Tags:    
News Summary - Government healthcare scheme: Dues to hospitals reach ₹2,080 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.