ഖത്തർ കവർച്ച; അന്വേഷണം കെ.എം.സി.സിയുമായി ബന്ധപ്പെട്ടവരിലേക്കും

കോഴിക്കോട്: ഖത്തർ കെ.എം.സി.സി ഓഫിസിൽ എട്ട് കോടിയുടെ കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം കെ.എം.സി.സിയുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചും. കവർച്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പുറത്തുവരേണ്ടത് മാതൃസംഘടനയായ മുസ്ലിം ലീഗിന്‍റെ കൂടി ആവശ്യമായതിനാൽ പൊലീസ് അന്വേഷണം ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയവരിലേക്ക് നീളും. ഖത്തറിൽ ഇതുസംബന്ധിച്ച് നിയമനടപടികൾ പ്രായോഗികമല്ലാത്തതിനാലും അത്തരം നീക്കം കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാലും കരുതലോടെയാണ് നീക്കങ്ങൾ.

നിരവധി പ്രവാസിക്ഷേമപദ്ധതികൾക്ക് സ്വരൂപിച്ച പണം നഷ്ടപ്പെട്ടതാണ് ഗൗരവം വർധിപ്പിക്കുന്നത്. ഇത്തരം ഫണ്ടുകൾ അവിടത്തെ ബാങ്കുകളിൽ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ ഓഫിസിൽ തന്നെയാണ് സൂക്ഷിക്കാറുള്ളത്. ഇത് കൃത്യമായി അറിയുന്നവർ തന്നെയാണ് കവർച്ചക്ക് പിന്നിലെന്ന് കരുതുന്നു. അവിടെ നിയമനടപടികൾ അസാധ്യമായതിനാലാണ് കോഴിക്കോട് റൂറൽ സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്.

യു.ഡി.എഫ് സർക്കാർ വന്നതിനുശേഷം കേസിന് ജീവൻവെച്ചപ്പോഴാണ് ക്വട്ടേഷൻ അംഗങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്. തങ്ങൾക്ക് വാഗ്ദാനം ചെയ്ത പണം ലഭ്യമാകാത്തതിനെ തുടർന്നാണ് പ്രതികളിലേക്ക് വെളിച്ചം വീശുന്ന ചില ശബ്ദസന്ദേശങ്ങൾ ചോർന്നത്. ഇത് പിടിവള്ളിയാക്കിയാണ് പൊലീസ് അന്വേഷണം.

ഖത്തർ കെ.എം.സി.സിയിലെ ചേരിപ്പോരും സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. പൊലീസിൽ കീഴടങ്ങിയ ബാലകൃഷ്ണൻ ഉൾപ്പെടുന്നവരിൽനിന്ന് പ്രതികളെക്കുറിച്ച വ്യക്തമായ സൂചന പൊലീസിന് ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടികളുമുണ്ടാകും.

അതിനിടെ, തന്‍റെ പേരുമായി ബന്ധപ്പെടുത്തി വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തറിലെ ബിസിനസുകാരൻ അസയ്നാർ കുന്നുമ്മൽ വ്യക്തമാക്കി. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹസൻ മമ്മാലി എന്ന വ്യക്തിയുണ്ട്. അത് തന്‍റെ പേരായി പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി

കൊയിലാണ്ടി: ഖത്തര്‍ കെ.എം.സി.സിയില്‍നിന്ന് എട്ടുകോടിയോളം രൂപ കവര്‍ന്നെന്ന കേസിലെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതായി സൂചന. പ്രതികളിലൊരാളായ കൊയിലാണ്ടി സ്വദേശി വിയ്യൂർ നെല്ല്യാടി പരപ്പിന്‍കുനിയില്‍ ബാലകൃഷ്ണൻ കഴിഞ്ഞദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ ഇപ്പോൾ കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിലാണ്. ഇൻഡസ്ട്രിയൽ വർക്കറായ ബാലകൃഷ്ണൻ കെ.എം.സി.സി ഓഫിസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി ഉള്ളിലുണ്ടായിരുന്ന 31 ലക്ഷം റിയാലാണ് കവർന്നത്.

കേസിൽ ആറ് പ്രതികളാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡ് ചെയ്തു. കേസിൽ ഇനി അഞ്ച് പ്രതികളെക്കൂടി പിടികൂടാനുണ്ട്. ബോംബെ ഷാജി, റാഷി, ബാവ എന്ന സാലിഹ്, മമ്മാലി എന്ന ഹസൻ, നിസാർ എന്നിവർക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

ഇതിനിടയിൽ മോഷണത്തിനുശേഷം പ്രതികൾ കൈമാറിയ ശബ്ദസന്ദേശങ്ങളും ചർച്ചയാവുകയാണ്. കെ.എം.സി.സിയിലെ ചിലർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. പങ്കെടുത്തവർക്ക് പറഞ്ഞിരുന്ന വിഹിതം നൽകിയില്ലെന്നും ശബ്‌ദസന്ദേശങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പങ്കാളികളാണന്ന് കരുതുന്ന ബോംബെ ഷാജിയും കമറുദ്ദീൻ പയ്യോളിയും തമ്മിലും അറസ്റ്റിലുള്ള ബാലകൃഷ്ണൻ നേരത്തേ നടത്തിയതുമായ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവയിലെ ഉള്ളടക്കങ്ങളുടെ വ്യക്തത അന്വേഷണത്തിലൂടെയേ ബോധ്യമാവൂ എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.


Tags:    
News Summary - Qatar robbery; Investigation extends to those associated with KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.