മലബാറിലെ പ്ലസ് വൺ പ്രവേശനം: പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചത് ഇല്ലാക്കഥകൾ -മന്ത്രി എം.ബി. രാജേഷ്

മലപ്പുറം: മലബാറിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചത് ഇല്ലാക്കഥകളും അടിസ്ഥാനരഹിത കാര്യങ്ങളുമാണെന്ന് മന്ത്രി എം.ബി. രാജേഷ്. ജനകീയ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടത്തിയ ജനകീയ വിദ്യാഭ്യാസ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം വരെ പ്രതിപക്ഷം കൊണ്ടുവന്നു.

വളരെ അതിശയോക്തി നിറഞ്ഞതും ഊതിപെരുപ്പിച്ചതുമായ കാര്യങ്ങളാണ് പ്രതിപക്ഷവും മാധ്യമങ്ങളും സൃഷ്ടിച്ചത്. 2019ൽ ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് മലപ്പുറം ജില്ലക്ക് അനുവദിച്ചത് ഒമ്പത് അധികബാച്ചാണ്. പിന്നീട് 2021ൽ 30 അധിക ബാച്ചും 2023ൽ 67 അധിക ബാച്ചുമാണ് അനുവദിച്ചത്. 2019 മുതൽ 2023 വരെ അനുവദിച്ച അധിക ബാച്ചുകളുടെ എണ്ണം 106 ആണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 152 വിദ്യാലയങ്ങളെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യയിലെ ഉന്നത നിലവാരത്തിലുള്ള നൂറ് സര്‍വകലാശാലകളില്‍ 14 എണ്ണവും കേരളത്തിലാണ്.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളം ബഹുദൂരം മുന്നിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക മികവിനും ലോകത്തിലെ വികസിത രാജ്യങ്ങളിലെ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന രൂപത്തില്‍ നമ്മുടെ ഗ്രാമപ്രദേശത്തെ വിദ്യാലയങ്ങള്‍ മാറിയെന്നും മന്ത്രി എം.ബി രാജേഷ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Plus One entry issue in Malabar: Lie spread by opposition and media - Minister M.B. Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.