പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​ക​ളെ വ​ര​വേ​ല്‍ക്കാ​നാ​യി വി​ദ്യാ​ല​യം അ​ല​ങ്ക​രി​ക്കു​ന്ന മ​ല​പ്പു​റം കോ​ട്ട​പ്പ​ടി ഗ​വ. ബോ​യ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ള്‍

പ്ലസ് വൺ ക്ലാസ് ഇന്നുമുതൽ; മലപ്പുറം ജില്ലയിൽ 34,106 പേർ പുറത്ത്

മലപ്പുറം: പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ. എല്ലാവർക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം നിലനിൽക്കെയാണ് ഇത്രയധികം കുട്ടികൾക്ക് മറ്റു മാർഗങ്ങൾ തേടേണ്ടിവന്നത്.

നിലവിലുള്ള കണക്കുപ്രകരം 34,106 പേർക്ക് പ്ലസ് വണിന് മെറിറ്റ് സീറ്റിൽ അവസരം ലഭിക്കില്ല. ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലകം മുഖേന 80,100 പേരാണ് അപേക്ഷിച്ചത്. ഇവർക്കായി മൂന്ന് അലോട്ട്മെന്‍റിലായി 45,997 സീറ്റുകളാണ് മെറിറ്റിൽ അനുവദിച്ചത്. ഇതിൽ 45,994 സീറ്റുകളിലേക്കാണ് പ്രവേശനം പൂർത്തിയായിരിക്കുന്നത്. മൂന്ന് സീറ്റുകൾ സംവരണ വിഭാഗത്തിനായി നീക്കിവെച്ചവയാണ്.

നിലവിലുള്ള കണക്കുകൾ പ്രകാരം ജനറൽ വിഭാഗം - 33,519, ഈഴവ -തിയ്യ - 2850, മുസ്ലിം - 2711, ആംഗ്ലോ ഇന്ത്യൻ - 34, ക്രിസ്ത്യൻ ഒ.ബി.സി - 25, ഹിന്ദു ഒ.ബി.സി - 427, എസ്.സി - 4360, എസ്.ടി - 222, ഭിന്നശേഷി - 619, കാഴ്ചപരിമിതിയുള്ളവർ - 19, ഒ.ഇ.സി - 15, ധീവര - ആറ്, വിശ്വകർമ - 735, കുശവൻ - 95, മുന്നാക്ക സംവരണം - 357 എന്നിങ്ങനെയാണ് പ്രവേശനം നേടിയിരിക്കുന്നത്. ഈഴവ -തിയ്യ വിഭാഗത്തിൽ രണ്ടും വിശ്വകർമ വിഭാഗത്തിൽ ഒന്നും സീറ്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. മുന്നാക്ക സംവരണ വിഭാഗത്തിൽ ജില്ലയിൽ 3240 സീറ്റുകൾ അനുവദിച്ചിരുന്നുവെങ്കിലും അപേക്ഷകരില്ലാത്തതിനാൽ ജനറലിലേക്ക് മാറ്റുകയായിരുന്നു.

മാനേജ്മെന്‍റ് ക്വോട്ടയും കമ്യൂണിറ്റി ക്വോട്ടയും പരിഗണിച്ചാലും നിരവധി പേർക്ക് അവസരം നഷ്ടമാകും. ഇതിനോടൊപ്പം 69 അൺ എയ്ഡഡ് സ്കൂളുകളിലെ 11,275 സീറ്റ് കൂടി പരിഗണിച്ചാൽ ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള മൊത്തം സീറ്റുകളുടെ എണ്ണം 65,000ത്തോളം ആകും. സർക്കാർ, എയ്ഡഡ്, മാനേജ്മെന്‍റ്, കമ്യൂണിറ്റി ക്വോട്ട, അൺ എയ്ഡഡ് സീറ്റുകൾ കൂടി പരിഗണിച്ചാൽ നിലവിലുള്ള അപേക്ഷകരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ 15,000ത്തോളം പേർക്ക് പ്ലസ് വൺ പ്രവേശനത്തിന് ഓപൺ സ്കൂളുകളെ ആശ്രയിക്കേണ്ടി വരും.

വി.എച്ച്.എസ്.ഇ - 2790, ഐ.ടി.ഐ - 1124, പോളിടെക്നിക് - 1360ഉം ഉൾപ്പെടെ 5 274 സീറ്റുകൾ കൂടി പരിഗണിച്ചാലും നിരവധി പേർക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കില്ല.മൂന്നാം അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ പ്രവേശനത്തിന് സമയമുണ്ട്. സപ്ലിമെന്‍ററി അലോട്ട്മെന്‍റാണ് ഇനി കാത്തിരിക്കുന്നവരുടെ പ്രതീക്ഷ. പിന്നാക്ക, ന്യൂനപക്ഷ എയ്ഡഡ്, ഹയർ സെക്കൻഡറി സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ടയിൽ സപ്ലിമെന്‍ററി ഘട്ട അപേക്ഷകൾ വിതരണം തുടങ്ങിയിട്ടുണ്ട്. 27നകം ഡേറ്റ എൻട്രി പൂർത്തീകരിച്ച് 29ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. അന്നുമുതൽ 31ന് വൈകീട്ട് അഞ്ചു വരെയാണ് പ്രവേശനം.

നവാഗതരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കം

മലപ്പുറം: പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ ക്ലാസുകൾ വ്യാഴാഴ്ച തുടങ്ങും. അധ്യയന വര്‍ഷം തുടങ്ങി രണ്ടു മാസവും 24 ദിവസവും കഴിഞ്ഞാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. നവാഗതരെ സ്വീകരിക്കാന്‍ പല ഹയര്‍സെക്കന്‍ഡറി സ്കൂളുകളും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ഇതിന്‍റെ ഭാഗമായി വിവിധ പരിപാടികള്‍ സ്കൂളുകളിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കും. മുഖ്യഘട്ടത്തിലെ ആദ്യ മൂന്ന് അലോട്ട്മെന്‍റിലും കമ്യൂണിറ്റി, സ്പോർട്സ്, മാനേജ്മെന്‍റ് ക്വോട്ടകളിൽ പ്രവേശനം നേടിയവരാണ് ക്ലാസുകളിലെത്തുക.

Tags:    
News Summary - Plus One class start from today; 34,106 students out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.