മലയോര മേഖലകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പി വിലക്കണം

കൊച്ചി: മലയോര മേഖലകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ വിലക്കണമെന്ന് ഹൈകോടതി. നിശ്ചിത അളവിൽ താഴെയുള്ള കുപ്പികൾക്കാണ് നിരോധനം വേണ്ടത്. മലയോര മേഖലയിലേക്ക് പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടുവരാൻ ആരെയും അനുവദിക്കരുത്. ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കാനാവുമെന്ന് അറിയിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് നിർദേശിച്ചു. പ്ലാസ്റ്റിക്കിന് പകരം നടപ്പാക്കാവുന്ന സംവിധാനങ്ങളെക്കുറിച്ചും അറിയിക്കണം.

സർക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ കോടതി ഇടപെട്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ നിരോധിക്കേണ്ടിവരും. ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിർദേശം.എല്ലാ മാലിന്യങ്ങളും ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുകയാണെന്ന് വാദത്തിനിടെ കോടതി പറഞ്ഞു. വെള്ളത്തിലെ മാലിന്യങ്ങൾ നീക്കാൻ നടപടി വേണം. പൊതുജനത്തിന്‍റെ ചെലവിൽ കരയിൽ കോരിയിടുന്ന മാലിന്യം മഴ വരുമ്പോൾ കാനകളിലേക്ക് തിരിച്ചൊഴുകുന്ന അവസ്ഥയാണ്. കോടതി ആവശ്യപ്പെടുമ്പോൾ റിപ്പോർട്ടുകൾ സമർപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. നടപടിയാണ് ആവശ്യം.

പനമ്പിള്ളി നഗർ, ചാത്യാത്ത് റോഡ് തുടങ്ങിയവയടക്കം കൊച്ചി നഗരത്തിന്‍റെ വിവിധ മേഖലകളിൽ ഭക്ഷ്യശാലകളിൽ നിന്നുള്ള മാലിന്യം റോഡിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ നടത്തുന്നവർക്ക് മാലിന്യം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഒരു ഉത്തരവാദിത്തവുമില്ല. ഇത് അനുവദിക്കാനാവില്ല. കോർപറേഷൻ നടപടിയെടുക്കുകയും നിയമം ശക്തമാക്കുകയും ചെയ്യാതെ ഇതിന് പരിഹാരം ഉണ്ടാകില്ല. വൻകിട ഹോട്ടലുകൾ, കൺവെൻഷൻ സെന്‍ററുകൾ എന്നിവിടങ്ങളിലെ ഭക്ഷണമാലിന്യങ്ങളും പ്രശ്നമാകുന്നുണ്ട്. മാലിന്യനീക്കം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. വിഷയം വീണ്ടും 14ന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Plastic Water bottle ban in hilly area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.