ഫിറോസിനെ റിമാൻഡ് ചെയ്തു; വ്യാപക പ്രതിഷേധം

തിരുവനന്തപുരം/ കോഴിക്കോട്: സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിലെ സംഘർഷത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തുടർന്ന് ഫിറോസിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി.

അതേസമയം, പി.കെ. ഫിറോസിന്‍റെ അറസ്റ്റിനെ തുടർന്ന് വ്യാപക പ്രതിഷേധമാണ് യൂത്ത് ലീഗ് നടത്തുന്നത്. യു.ഡി.എഫ് നേതാക്കളും വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരും എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പി.കെ ഫിറോസിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സർക്കാർ നടപടി തീക്കളിയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രസ്താവിച്ചു.

ജനവിരുദ്ധ നയങ്ങള്‍ കൈക്കൊളളുന്ന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കല്‍തുറുങ്കിലടക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനാധിപത്യത്തില്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നത് ഫാസിസ്റ്റ് ചെയ്തിയാണെന്നും തങ്ങള്‍ പറഞ്ഞു

കോഴിക്കോട് യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ല ആസ്ഥാനങ്ങളിലും പഞ്ചായത്ത്‌ തലത്തിലും പ്രകടനം നടത്താൻ മുസ്​ലിം യൂത്ത്​ ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്​ലിം യൂത്ത്​ ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക്​ നടത്തിയ സേവ്​ കേരള മാർച്ചിൽ വൻ സംഘർഷമുണ്ടായിരുന്നു. പ്രവർത്തകരും പൊലീസും തമ്മിൽ ഭരണസിരാകേന്ദ്രത്തിന്​ മുന്നിൽ തെരുവുയുദ്ധമാണ്​ അരങ്ങേറിയത്​​. സമരക്കാർക്ക്​ നേരെ പൊലീസ്​ പലതവണ കണ്ണീർവാതകവും ഗ്രനേഡും പ്ര​യോഗിച്ചു. സംഘടിച്ചുനിന്ന പ്രവർത്തകർക്കു​ നേരെ പൊലീസ്​ ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിലും ലാത്തിയടിയിലും ഒട്ടേറെ പേർക്ക്​ പരിക്കേറ്റു.

കേസിൽ 28 പേർ നിലവിൽ റിമാൻഡിലുണ്ട്. തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഫിറോസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. 

Tags:    
News Summary - PK Firos remanded; Widespread protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.