കണ്ണൂർ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന് സുരക്ഷയൊരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കടുത്ത ദുരിതത്തിൽ.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ, കട്ടപ്പുറത്തായ പഴയൊരു ജീപ്പിലിരുന്നാണ് ഉദ്യോഗസ്ഥർ രാപ്പകൽ കാവൽ നയിക്കുന്നത്. മയ്യിൽ പൊലീസ് സ്റ്റേഷന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന, നിലവിൽ ബാറ്ററിയടക്കം ഊരിമാറ്റിയ KL 13 BR 9569 നമ്പറിലുള്ള ജീപ്പാണ് ഈ സുരക്ഷാ ജീവനക്കാരുടെ താൽക്കാലിക ‘ഓഫിസ്’.
തൊട്ടടുത്ത വീടിന്റെ മതിലിനോട് ചേർത്തിട്ടിരിക്കുന്ന ഈ ജീപ്പിനുള്ളിലാണ് ഉദ്യോഗസ്ഥർ തങ്ങളുടെ യൂണിഫോമും ബാഗുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കുന്നത്. ഒരു വയർലെസ് സംവിധാനം മാത്രമാണ് ഈ താൽക്കാലിക സംവിധാനത്തിലുള്ളത്.
കണ്ണൂർ എ.ആർ ക്യാമ്പിൽ നിന്നുള്ള രണ്ട് എസ്.ഐമാരും നാല് സിവിൽ പോലീസ് ഓഫീസർമാരുമടങ്ങുന്ന ആറംഗ സംഘമാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ ജോലി ചെയ്യുന്നത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന പത്ത് വർഷവും ഈ ഉദ്യോഗസ്ഥർ സുരക്ഷാ ഡ്യൂട്ടി നോക്കിയിരുന്നത് യാതൊരുവിധ മനുഷ്യാവകാശ പരിഗണനയും ലഭിക്കാതെയാണ്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ഈ പ്രദേശത്ത് ഇവർക്ക് സൗകര്യമില്ല.
നിലവിൽ തൊട്ടടുത്തുള്ള ത്രിവേണി സൂപ്പർമാർക്കറ്റിലെ ശൗചാലയത്തെയാണ് ഇവർ ആശ്രയിക്കുന്നത്. പിണറായി വിജയന്റെ വീടിനോട് ചേർന്ന് ഔട്ട് ഹൗസ് സംവിധാനങ്ങൾ ഉണ്ടെങ്കിലും ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് അവിടെ പ്രവേശനമില്ലെന്നാണ് വിവരം.
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായി ചുമതലയേറ്റിട്ടും ഈ സുരക്ഷാ ഡ്യൂട്ടിക്കും ദുരിതത്തിനും മാറ്റമൊന്നും വന്നിട്ടില്ല. ആവശ്യമായ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ്.
മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലെങ്കിലും പാണ്ഡ്യാലമുക്കിലെ വീടിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് തങ്ങളെ ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ദുരിതത്തിലായ ഈ പൊലീസ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.