ആളുകൾ പലതും വിളിക്കും, അതൊന്നും എടുത്തിട്ട് ആശയക്കുഴപ്പം ഉണ്ടാക്കണ്ട-ക്യാപ്റ്റൻ വിളിയിൽ മുഖ്യമന്ത്രിയുടെ മറുപടി

കണ്ണൂർ: ആളുകൾക്ക് താൽപര്യം വരുമ്പോൾ പലതും വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാപ്റ്റൻ വിളി വിവാദമായ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അറിഞ്ഞിരുന്നോ എന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞത്.

'അതുമെടുത്ത് വല്ലാതെ നടന്നിട്ടൊന്നും വലിയ കാര്യമില്ലാന്ന്, അതൊന്നും എടുത്തിട്ട് എവിടെയും ഏശാൻ പോകുന്ന കാര്യമല്ല. അത് ആളുകൾ പലതും വിളിക്കും. അവർക്ക് താത്പര്യം വരുമ്പോൾ പലേ കാര്യങ്ങളും വിളിച്ചൂന്ന് വരും. അതൊന്നുമെടുത്തിട്ട് ഒരാശയക്കുഴപ്പവുമുണ്ടാക്കാൻ കഴിയില്ല. അതങ്ങനെ ആലോചിച്ചാൽ മതി' - എന്നായിരുന്നു പിണറായിയുടെ മറുപടി.

കമ്യൂണിസ്റ്റ് പാർട്ടിയിൽ ക്യാപ്റ്റനില്ലെന്നും സഖാവാണ് ഉള്ളതെന്നും ഇന്നലെ വാർത്താസമ്മേളനത്തിനിടെ സി.പി.എം മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായ പ്രകടനം.

മുസ്‌ലിം ലീഗ് യു.ഡി.എഫ് വിട്ടു വരുമെന്ന് തോന്നുന്നില്ലെന്നും പിണറായി വിജയൻ മറുപടി നൽകി. കേരള കോൺഗ്രസിനെ പോലെ മുസ്‌ലിംലീഗും യു.ഡി.എഫിൽ നിന്ന് പുറത്തേക്ക് ചാടാനുള്ള സാധ്യതകൾ ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

'എനിക്കങ്ങനെ തോന്നുന്നില്ല. കാരണം, ഇപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗാണല്ലോ ഇതിന്റെ പ്രധാന ചാമ്പ്യനായി നടക്കുന്നത്. അത് ഞങ്ങൾ യു.ഡി.എഫിനെ വിജയിപ്പിക്കുമെന്ന വാശിയിൽ പലയിടത്തും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരാണല്ലോ. എന്നാൽ ലീഗ് അണികൾ, ലീഗിനോട് ഒപ്പം നിൽക്കുന്നവര്, അങ്ങനെയുള്ള പലരും ഇപ്പോൾ അതേ വികാരത്തിലല്ല എന്ന് തിരിച്ചറിഞ്ഞാൽ നല്ലത്' - എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

Tags:    
News Summary - Pinarayi vijayan's reply to Captain's call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.