പ്രധാന പദ്ധതികളെക്കുറിച്ച് മൗനം പാലിച്ചു... നയപ്രഖ്യാപനത്തിൽ വിമർശനവുമായി പ്രതിപ​ക്ഷ നേതാവ്

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രതിപ​ക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറിയെന്നും പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറഞ്ഞില്ലെന്നും ​പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ നഷ്ടപ്പെടാൻ ഇടയാക്കും. കേന്ദ്രസർക്കാരുമായി നല്ലബന്ധം ആ​ഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ കേന്ദ്രം കേരളത്തോട് സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന അനുഭവമുണ്ട്.

ഫെ‍ഡറലിസം അംഗീകരിക്കുന്ന നിലപാടല്ല കേന്ദ്ര സർക്കാരിന്റേത്. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല. ആദ്യത്തെ രണ്ട് ഈരടികളാണ് നിയമസഭയിൽ ചൊല്ലിയത്. അത് ചൊല്ലുമ്പോൾ ദേശീയഗാനത്തെ പോലെ എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ല. പൊതുസമീപനത്തിൽ നിന്ന് വ്യത്യസ്തത വേണ്ടെന്ന് കരുതിയാണ് ഞങ്ങളും എഴുന്നേറ്റ് നിന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

എൽ.ഡി.എഫ് സർക്കാർ ഒരു ബ്ലൂപ്രിന്റ് ആവിഷ്കരിച്ചിരുന്നു. അത് എങ്ങനെയൊക്കെയാണ് മുന്നോട്ടുപോകുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 5429 കോടി രൂപ ഖജനാവിൽ നീക്കിവെച്ചാണ് എൽ.ഡി.എഫ് സർക്കാർ ഇറങ്ങിയത്. പക്ഷേ ആ ഭാ​ഗം മറച്ചുവെച്ച് ശരിയല്ലാത്ത നരേറ്റീവ് സൃഷ്ടിക്കാൻ നയപ്രഖ്യാപനത്തിൽ ശ്രമിച്ചു. കിഫ്ബി, കുടുംബശ്രീ, വിവിധ മിഷനുകൾ എന്നിവയെക്കുറിച്ച് മനംപാലിച്ചു. തൊഴിലുറപ്പ് നിയമത്തിലെ സർക്കാർ നിലപാട് പരാമർശിച്ചില്ല. സംസ്ഥാനം അതിദാരിദ്ര്യ നിർമാർജന മുക്തമായതിന്റെ അടുത്തഘട്ടവും നയപ്രഖ്യാപനത്തിൽ പരാമർശിച്ചില്ല. സംസ്ഥാനത്തിന്റെ പൊതുകടം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കുറയുകയാണുണ്ടായത്. ധവളപത്രം വരട്ടെ. കൂടുതൽ പറയാനുള്ള കാര്യങ്ങൾ അപ്പോൾ വ്യക്തമാക്കാമെന്നും പിണറായി വിജയൻ പറഞ്ഞു.

യു.ഡി.എഫ് പ്രകടനപത്രികയിലെ വാ​ഗ്ദാനങ്ങളിൽനിന്ന് ഒളിച്ചോടിയെന്നും പിണറായി വിജയൻ പറഞ്ഞു. കഠിനമായ എതിർപ്പ് രേഖപ്പെടുത്തി മുന്നോട്ടുപോകുക എന്നതല്ല പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഏത് പരിപാടിക്കും പിന്തുണ നൽകുമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - pinarayi vijayan criticizes kerala assembly udf govt policy address

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.