തിരുവനന്തപുരം: ശമ്പളം പിടിക്കുന്നതിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം പിടിക്കുന്നത് എതിർക്കുന്നവർ ഏത് പാർട്ടിയിൽപെട്ടവരായാലും ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘നാം മുന്നോട്ട്’ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
രാജ്യവും നമ്മുടെ സംസ്ഥാനവും പ്രത്യേക ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ ശമ്പളം പിടിക്കുന്നതിനെ എതിർക്കുന്നവർ ബി.ജെ.പിയായാലും കോൺഗ്രസ് ആയാലും ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാവും. ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് കത്തിച്ചവർക്ക് മാനസാന്തരം വരില്ല. ഗുരനാഥനോടുള്ള ആദരവിനോട് ചേർന്ന സമീപനമായില്ല സർക്കാർ ഉത്തരവ് കത്തിച്ച നടപടി. കത്തിക്കലിന് നേതൃത്വം നൽകിയ അധ്യാപകന്‍റെ സ്കൂളിലെ കുട്ടികൾ തന്നെയാണ് ഇതിന് ഉചിതമായ മറുപടി നൽകിയത്. ആ കുട്ടികൾ ചേർന്ന് തുക സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇതാണ് നാടിന്‍റെ പ്രതികരണമെന്ന് അവർ മനസ്സിലാക്കണം -മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ ഒന്നര മാസത്തെ ശമ്പളത്തിന് തുല്യമായ ഡി.എ പിടിക്കാനാണ് തീരുമാനിച്ചത്. രാജസ്ഥാനിൽ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് പിന്തുണക്കുന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.