മോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാൻ മുഖ്യമന്ത്രി 90 ഡിഗ്രി കുമ്പിടുന്നു: വി.ഡി. സതീശൻ

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രീതി പിടിച്ചുപറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. നിരവധി അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ഇതിന്റെ ഭാഗമായാണ് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സതീശൻ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. അമിത് ഷായോ നരേന്ദ്ര മോദിയോ പറഞ്ഞാൽ ഏത് കടലാസിലും ഒപ്പിടാൻ തയ്യാറായ മുഖ്യമന്ത്രി 90 ഡിഗ്രി കുനിഞ്ഞാണ് കേന്ദ്ര ഭരണാധികാരികൾക്ക് മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ സി.പി.എം സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെയും സതീശൻ രൂക്ഷമായി പ്രതികരിച്ചു. കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവിനെ മണിക്കൂറുകൾക്കകം പുറത്താക്കിയ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു. എന്നാൽ രമ്യ ഹരിദാസിനെ എ. വിജയരാഘവൻ അധിക്ഷേപിച്ചപ്പോഴോ, വീണ എസ്. നായർക്കെതിരെ സി.പി.എം നേതാക്കൾ മോശം പരാമർശം നടത്തിയപ്പോഴോ എന്ത് നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഉമ്മൻചാണ്ടിയുടെ മകളെ വരെ സി.പി.എം നേതാക്കൾ അധിക്ഷേപിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. യു.ഡി.എഫിൽ ആര് മോശം പരാമർശം നടത്തിയാലും നടപടിയുണ്ടാകുമെന്നും എന്നാൽ സി.പി.എമ്മുകാർക്ക് ആരെയും എന്തുവേണമെങ്കിലും പറയാമെന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല കൊടിമരത്തിലെ സ്വർണ്ണം മോഷ്ടിച്ചെന്ന ആരോപണം സർക്കാരിന്റെ സ്വർണ്ണക്കള്ളക്കടത്ത് കേസുകളുടെ ഗൗരവം കുറയ്ക്കാൻ മനഃപൂർവ്വം ഉണ്ടാക്കിയതാണെന്ന് സതീശൻ പറഞ്ഞു. ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതോടെ സി.പി.എമ്മിന്റെ കള്ളപ്രചാരണം പൊളിഞ്ഞതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം വിവാദങ്ങളിൽ ഇടപെടുന്നുണ്ടെന്ന വാദം ആവർത്തിച്ച പ്രതിപക്ഷ നേതാവ്, ബി.ജെ.പിയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് സി.പി.എം ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ആരോപിച്ചു.

Tags:    
News Summary - "Pinarayi Vijayan Bows 90 Degrees Before Modi and Amit Shah": V.D. Satheesan Slams CM Over Rahul Gandhi Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.