'രാജ്യം വിട്ടുപോകണമെന്ന് കൽപിക്കാൻ ആർ.എസ്.എസിന് എന്താണ് അവകാശം'

തിരുവനന്തപുരം: തങ്ങള്‍ക്കിഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകണമെന്ന് പറയാന്‍ ആർ.എസ്.എസിന് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആർ.എസ്.എസിനെതിരെ രംഗത്ത് വന്നത്. ഖാദിയുടെ കലണ്ടറിൽനിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി പകരം മോദിയുടെ ചിത്രം പതിപ്പിച്ചത് അൽപ്പത്തത്തിന്റെ അങ്ങേയറ്റമാണെന്നും പിണറായി കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:


തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസ്സുകാര്‍ക്ക് എന്താണ് അവകാശം? ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണ്. ആര്‍എസ്എസ് പ്രചാരകനായ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് ജനാധിപത്യവിരുദ്ധ നിലപാടുകളാണ് തുടർച്ചയായി സ്വീകരിക്കുന്നത്. അതുകണ്ട് കേരളത്തിലും ആര്‍എസ്എസ്സുകാര്‍ ഉറഞ്ഞുതുള്ളുകയാണ്. 


നോട്ട് പിന്‍വലിച്ചത് ജനങ്ങള്‍ക്ക് ദുരിതമായെന്ന് പറഞ്ഞ എം.ടി.വാസുദേവന്‍ നായരെ മ്ലേച്ഛമായി ആക്രമിക്കുന്നത് ആ മനോനില വെച്ചാണ്. നിങ്ങളാര് അങ്ങിനെ പറയാന്‍ എന്നാണ് ആര്‍എസ്എസ്സിന്റെ ചോദ്യം. സ്വന്തം അനുഭവം വിളിച്ചുപറയാന്‍ ആരുടെയെങ്കിലും അനുമതി ആവശ്യമുണ്ടോ. ജനങ്ങള്‍ അംഗീകരിക്കുന്ന കലാകാരനാണ് കമല്‍. അദ്ദേഹത്തോട് പാകിസ്ഥാനിലേക്ക് പോകാനാണ് പറയുന്നത്. എങ്ങോട്ടാണ് ഇവര്‍ ഈ നാടിനെ കൊണ്ടുപോകുന്നത്. 

അതേസമയം സി.കെ.പത്മനാഭനെപ്പോലുള്ളവരുടെ അഭിപ്രായവും കാണേണ്ടതുണ്ട്. അവർക്കിടയിലും നേരെ ചൊവ്വേ ചിന്തിക്കുന്നവർ വരുന്നുണ്ട് എന്നാണിത് കാണിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ ഇപ്പോൾ ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെച്ചേക്കില്ലെന്ന നിലപാടിലാണ്. ഒരു പ്രധാനമന്ത്രി ഇത്രയും താഴാൻ പാടില്ല. ചർക്കയിൽ നൂൽ നൂൽക്കുന്ന ഗാന്ധിജിയുടെ ചിത്രം ആളുകളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണ്. ആ ചിത്രം മാറ്റി മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചതിനെ അൽപ്പത്തത്തിന്റെ അങ്ങേയറ്റമെന്നേ പറയാനാവൂ. മതനിരപേക്ഷത തകർക്കാനള്ള ആർഎസ്എസ് നീക്കങ്ങൾക്ക് പിന്തുണയാണ് കേന്ദ്രസർക്കാരിന്റെ ഓരോ നടപടികളും. ഇത് ചെറുക്കാനും തുറന്നു കാട്ടാനും മനുഷ്യത്വത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും തയാറാകേണ്ടതുണ്ട്.

Tags:    
News Summary - pinarayi vijayan against RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.