സാങ്കല്‍പ്പിക കുറ്റവാളികളെ സൃഷ്ടിക്കാന്‍ പൊലീസിനെ കിട്ടില്ല -മുഖ്യമന്ത്രി

തലശ്ശേരി: സാങ്കല്‍പ്പിക കുറ്റവാളികളെ സൃഷ്ടിക്കാന്‍ പൊലീസിനെ കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ടി. കുഞ്ഞു മുഹമ്മദിന്‍െറ പുതിയ സിനിമ ‘വിശ്വാസപൂര്‍വം മന്‍സൂര്‍’  സ്വിച്ച് ഓണ്‍ കര്‍മം തലശ്ശേരി ബംഗ്ളാ ഹൗസില്‍ നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതികളെല്ലാം പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്ന മുറക്ക് ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ നടപടി അപ്പോള്‍ നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന നല്ല വ്യക്തികളെ കുറ്റക്കാരാക്കുന്ന പ്രവണത ശരിയല്ല. സനിമാ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അത്തരത്തില്‍ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഏതെങ്കിലും പ്രമുഖ നടന്‍െറ വീട്ടില്‍ പൊലീസ് പോയിട്ടില്ല. നടനെ ചോദ്യം ചെയ്തിട്ടുമില്ല. എന്നാല്‍ ഇതെല്ലാം നടന്നതായാണ് വാര്‍ത്തകള്‍ വന്നത്. ഒരുകാരണവുമില്ലാതെ ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കാനാണ് ശ്രമം ഉണ്ടായത്. ഒരു നടന്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വരേണ്ട സ്ഥിതിയാണുണ്ടായത്. ഇത് നിര്‍ഭാഗ്യകരമാണ്. സംഭവവുമായി ബന്ധമില്ലാത്തവരെ ആദ്യം തന്നെ കുറ്റവാളിയായി ചിത്രീകരിക്കുകയും സാങ്കല്‍പ്പിക കുറ്റവാളിയെ സൃഷ്ടിക്കുകയുമാണ് ചിലര്‍ ഇതിലൂടെ ചെയ്തത്. ഇത്തരത്തില്‍  കുറ്റവാളികളെ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിന് പിറകെ പോകാന്‍ പൊലീസിനെ കിട്ടില്ല. ആ കാലം മാറി. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പൊലീസിന് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ.

അടുത്തകാലത്തായാണ് അധോലോകത്തെ വെല്ലുന്ന ചില സംഭവങ്ങള്‍ സിനിമാ ലോകത്തുണ്ടായത്. എന്നാല്‍ സിനിമാ രംഗത്തെ എല്ലാവരും അധോലോകവുമായി ബന്ധമുള്ളവരാണെന്ന് പറയാനാവില്ല. എന്നാല്‍ ചിലരെയെങ്കിലും അധോലോക ബന്ധമുള്ളവരാണെന്ന് കാണാന്‍ കഴിയും. അത്തരക്കാര്‍ സമൂഹത്തില്‍ നല്ലവരാണെന്ന് പറയാനാവില്ല. സിനിമാ രംഗത്ത് ഈവിധം ബന്ധപ്പെടുന്നവരുടെ ക്രിമിനല്‍ സ്വഭാവം പരിശോധിക്കപ്പെടണം. ഇത്തരക്കാരെ സിനിമയുമായി അടുപ്പിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്  പൊലീസിനെ ആശ്രയിക്കാവുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതല്‍ വേണം. എന്നാല്‍ സിനിമയെക്കുറിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ല. കാരണം കേരളത്തില്‍ സിനിമ ജനകീയമായതിനാല്‍ അധോലോക സംഘത്തിന് സ്വാധീനിക്കാനാവില്ല. ഇവിടെ ജനങ്ങളുമായി അടുത്തു നില്‍ക്കുന്നതാണ് സിനിമ. ഇനി ഏതെങ്കിലും വിധത്തില്‍ അധോലോക സംഘം സിനിമയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് ശക്തമായി ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Tags:    
News Summary - pinarayi at thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.