തോമസ് ഐസക്കിന്‍റെ ആനസവാരി പിണറായി അവസാനിപ്പിച്ചു -ചെന്നിത്തല

ആലപ്പുഴ: അദാനിയുമായുള്ള കേരള സർക്കാറിന്‍റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്‍റെ ചുമലില്‍ ചാരി തീര്‍ക്കുകയാണ് അദ്ദേഹം. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്‍റെ ഒളിയമ്പുകളെന്നും ചെന്നിത്തല പറഞ്ഞു. അദാനിയുമായി കെ.എസ്.ഇ.ബി കരാർ ഉണ്ടാക്കിയെന്ന ആരോപണത്തിൽ ചെന്നിത്തലയും ഐസകും രണ്ട് ദിവസമായി ഏറ്റുമുട്ടുകയാണ്.

അദാനിയുമായി കെ.എസ്.ഇ.ബി നടത്തിയ ഇടപാടിന്‍റെ മുഴുവന്‍ വിശദാംശങ്ങളുമാണ് തോമസ് ഐസക്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതെന്ന് ചെന്നിത്തല പറയുന്നു. അദാനിയുമായി ഒരു കരാറും സംസ്ഥാന സര്‍ക്കാരോ വൈദ്യുതി ബോര്‍ഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തൽ.

തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്‍റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്‍റെ ദേഷ്യം തീര്‍ക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. തോമസ് ഐസക്കിന്‍റെ ഈ വൈദഗ്ധ്യം പിണറായി വിജയന് നന്നായി ബോധിച്ചതിനാലാണ് ഇത്തവണ സീറ്റ് നിഷേധിച്ചതെന്നും ചെന്നിത്തല പരിഹസിക്കുന്നു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

അദാനിയുമായുള്ള കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിരോധം പ്രതിപക്ഷ നേതാവിന്റെ ചുമലില്‍ ചാരി തീര്‍ക്കുകയാണ് അദ്ദേഹം. പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകൾ.

അദാനിയുമായി ഒരു കരാറും സംസ്ഥാന സര്‍ക്കാരോ വൈദ്യുതി ബോര്‍ഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയില്‍ അദാനിയുമായി കെ.എസ്.ഇ.ബി നടത്തിയ ഇടപാടിന്റെ മുഴുവന്‍ വിശദാംശങ്ങളും തോമസ് ഐസക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു.

തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീര്‍ക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കില്‍ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോള്‍ കരാറിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ നല്‍കിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോ?

സംസ്ഥാനത്ത് 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് താന്‍ പടിയിറങ്ങുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞതിന്റെ പൊള്ളത്തരം ഇന്നലെ പറഞ്ഞിരുന്നു. അതും തോമസ് ഐസക്കിന് അത്ര രസിച്ചിട്ടില്ല.

മാര്‍ച്ച് 30-ാം തീയതി സംസ്ഥാനം 4,000 കോടി രൂപ കടം വാങ്ങി. ആ പണവും ഭാവിയില്‍ സംസ്ഥാനത്തിന് വാങ്ങാന്‍ കഴിയുന്ന 2000 കോടിയും കൂടി ചേര്‍ത്താണ് 5000 കോടി രൂപ മിച്ചമുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നത്.

ഏതായാലും മൂക്കറ്റം കടത്തില്‍ നില്‍ക്കുന്ന ഒരാള്‍ അയല്‍ക്കാരനില്‍ നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട് ഇതാ പണം മിച്ചമിരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനതത്വശാസ്ത്രം എനിക്ക് പിടിയില്ല. അത് തോമസ് ഐസക്കിനേ അറിയാവൂ.

നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്പളം നല്‍കാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 22,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണ്. എന്നിട്ടാണ് ഞാന്‍ 5000 കോടി മിച്ചം വച്ചിട്ട് പോകുന്നു എന്ന് തോമസ് ഐസക്ക് പറയുന്നത്.

തോമസ് ഐസക്കിന്റെ ഈ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്.

ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റില്‍ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോ?

Full View

Tags:    
News Summary - Pinarayi ends Thomas Isaac's elephant ride - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.