രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പ്രയാണം പാറശ്ശാലയിൽ നിന്ന് ആരംഭിച്ചപ്പോൾ (ചിത്രം- ബിമൽ തമ്പി)
തിരുവനന്തപുരം: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ നേൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടിസംഘവും. നേമത്തുനിന്നുള്ള യാത്രയിലാണ് തമിഴ്നാടുനിന്നുള്ള പോക്കറ്റടി സംഘം കടന്നുകൂടിയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനാണു ശ്രമം.
നേമത്തിനടുത്ത് വെള്ളായണി ജങ്ഷനിൽനിന്നു പട്ടത്തേക്കായിരുന്നു ഇന്ന് രാവിലെ ഭാരത് ജോഡോ യാത്ര. അതിനിടെ, കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ രണ്ടു പോക്കറ്റടി കേസുകൾ റിപോർട്ട് ചെയ്തിരുന്നു. യാത്രയിൽ പങ്കെടുത്ത രണ്ടുപേരുടെ പോക്കറ്റടിച്ചെന്നായിരുന്നു പരാതി.
തുടർന്ന് യാത്രയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കരമന പൊലീസും തിരുവനന്തപുരം ഫോർട്ട് പൊലീസും ചേർന്ന് പരിശോധിച്ചു. തുടർന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ മുമ്പും പോക്കറ്റടി നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
രാഹുൽഗാന്ധിയെ കാണാനായി വഴിയരികിൽ കാത്തുനിൽക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിൽനിന്നാണ് യാത്രയുടെ ഒപ്പം സംഘം കേരളത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഭാരത് ജോഡോ യാത്ര ഇന്നലെയാണ് കേരളത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.