കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാനുള്ള ശ്രമങ്ങൾ അട്ടിമറിക്കുന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ കാനോനിക നടപടികൾ ആവശ്യപ്പെട്ട് സിറോ മലബാർ സഭ ഉന്നത ട്രൈബ്യൂണലിന് നിവേദനം.
പാംപ്ലാനി ഗുരുതര കാനോൻ നിയമലംഘനങ്ങൾ നടത്തിയതിനാൽ സഭാ നിയമപ്രകാരം വിചാരണ ചെയ്യണമെന്നാണ് ആവശ്യം. ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റാണ് നിവേദനം നൽകിയത്. ഈ ആവശ്യമുന്നയിച്ച് ബിഷപ്പ്ഹൗസിന് മുന്നിൽ സംഘടന നടത്തിവന്ന സമരം ഇന്നലെ അവസാനിപ്പിച്ചു.
പാംപ്ലാനിയെ എല്ലാ ചുമതലകളിൽനിന്നും ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം. ഏകീകൃത കുർബാന സംബന്ധിച്ച് മാർപാപ്പയുടെ ഉത്തരവുകൾ ലംഘിക്കുകയും അട്ടിമറിക്കുകയും ചെയ്തു എന്നാണ് മറ്റൊരു ആരോപണം. സഭാ നിയമം ലംഘിക്കുന്ന ബിഷപ്പുമാർ ഉൾപ്പെടെയുള്ളവരെ നീക്കുക, 2024ലെ നിയമവിരുദ്ധമായ ഒത്തുതീർപ്പുകൾ റദ്ദാക്കുക, ചട്ടം ലംഘിച്ച് ചേരുന്ന പള്ളിയോഗങ്ങൾ പിരിച്ചുവിടുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സെൻറ് മേരീസ് ബസലിക്ക ട്രസ്റ്റി അഡ്വ. ജോയ് ജോർജ്, അഡ്വ. മത്തായി മുതിരേന്തി, സെലീന ആന്റണി, ടെൻസൻ തോമസ് പുളിക്കൽ, ജോസഫ് പി. എബ്രഹാം, ആന്റണി പുതുശ്ശേരി, ജോ ഗബ്രിയേൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
അതേസമയം, ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് പാംപ്ലാനി വീണ്ടും രംഗത്ത് വന്നു. ഇന്ത്യയിൽ ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുന്ന സാഹചര്യമാണുള്ളതെന്നും പല തരത്തിലുള്ള സ്വാതന്ത്ര്യ ധ്വംസനങ്ങൾ നടക്കുന്ന സമയത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ വിശ്വാസികൾക്കായുള്ള സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ബിഷപ്പ് കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിഷേധിക്കപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങൾ രാജ്യത്തുണ്ട്. ന്യൂനപക്ഷങ്ങൾ വിശിഷ്യാ ക്രൈസ്തവർ, സന്യസ്തർ, നാടിന്റെ നൻമക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർ എന്നിവരെല്ലാം സംശയത്തിന്റെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനായി കഷ്ടതയനുഭവിച്ച എല്ലാവരെയും ഈ സന്ദർഭത്തിൽ സ്മരിക്കാമെന്നും പാംപ്ലാനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.