പ്രതീകാത്മക ചിത്രം

സർക്കാർ ജീവനക്കാരടക്കമുള്ളവരുടെ മൊബൈൽ നമ്പർ സർക്കാർ ദുരുപയോഗിക്കുന്നെന്ന് ഹരജി

കൊച്ചി: സ്വകാര്യത നഷ്ടപ്പെടുന്ന വിധം സർക്കാർ ജീവനക്കാരടക്കമുള്ളവരുടെ മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് ഹൈകോടതിയിൽ ഹരജി. നടപടി തടയണമെന്നാവശ്യപ്പെട്ട് അധ്യാപകനായ മലപ്പുറം സ്വദേശി റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി കെ.എം. അനിൽ കുമാർ എന്നിവരാണ് ഹരജി നൽകിയത്.

‘അവകാശങ്ങൾ സംരക്ഷിക്കും, ഉറപ്പാണ്, വാക്ക്’ എന്ന തലക്കെട്ടിലുള്ള സന്ദേശം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും മൊബൈൽ നമ്പറിൽ ലഭിച്ച പശ്ചാത്തലത്തിലാണ് ഹരജി. വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും തടയണമെന്നുമാണ് ഹരജിയിലെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് സർക്കാർ -അർധ സർക്കാർ ജീവനക്കാർക്ക് ഡി.എ വർധന, ശമ്പള പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് മൊബൈൽ ഫോണിൽ സന്ദേശങ്ങൾ ലഭിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. ശമ്പളമടക്കം കാര്യങ്ങളുടെ വിവരമറിയാൻ സർക്കാർ ജീവനക്കാർ സ്പാർക്കിൽ നൽകിയ ഫോൺ നമ്പർ നിയമവിരുദ്ധമായി ശേഖരിച്ച് സർക്കാർ നേട്ടങ്ങളുടെ പ്രചാരത്തിന് ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണിത്.

വ്യക്തി വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുന്നത് സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ച് പുട്ടുസ്വാമി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരാണ്. മൊബൈൽ നമ്പറിന് പിന്നാലെ ഇ മെയിൽ ശേഖരിക്കാനും നീക്കം തുടങ്ങിയിട്ടുണ്ടെന്നും ഹരജിയിൽ ആരോപിക്കുന്നു. ഹരജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനക്കെത്തിയേക്കും.

Tags:    
News Summary - Petition alleges that the government is misusing the mobile numbers of government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.