തൃശൂർ ഹയാത്ത് റീജൻസിയിൽ നടന്ന കേരള കാർഷിക സർവകലാശാല ബിരുദദാന ചടങ്ങ്
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: സംസ്ഥാനം കീടനാശിനികൾ ഇല്ലാത്ത ഭക്ഷണം ഉൽപാദിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള കാർഷിക സർവകലാശാല 2024 അധ്യയനവർഷത്തെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി കൃഷിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയിലും കാർഷികമേഖലയിലും നിരവധി അവസരങ്ങൾ യുവാക്കളെ കാത്തിരിക്കുന്നുണ്ട്. തൊഴിൽ ദാതാക്കളാകാനുള്ള അഭിവാഞ്ഛയും വിശാലമായ കാഴ്ചപ്പാടും ധൈര്യവും യുവാക്കൾക്കുണ്ടാകണം. അതിന് കഴിവുള്ളവരാണ് യുവതലമുറ.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാർഷിക മേഖലയിലെ സംരംഭകർക്കായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അവസരങ്ങൾ യുവാക്കൾക്കായി കാത്തിരിക്കുകയാണ്. സർക്കാറുകൾ ആവശ്യമായ പിന്തുണയും നൽകും. എന്നാൽ, വെല്ലുവിളികൾ ഏറ്റെടുത്ത് യുവാക്കൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർവകലാശാലയിലെ ഇൻകുബേഷൻ സെന്ററുകളും സംരംഭകത്വ വികസന പരിപാടികളും വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും നൽകുമെന്ന് ഗവർണർ ഉറപ്പുനൽകി.
കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രതിബദ്ധത ഏറ്റവും അനിവാര്യമായ മേഖലകളിലൊന്നാണ് കാർഷിക രംഗമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ താഴെത്തട്ടിലുള്ള കർഷകന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടത് ബിരുദധാരികളായ ഓരോരുത്തരുടെയും കടമയാണ്. കർഷകരുടെ വരുമാനം ഉയർന്നാൽ മാത്രമേ കാർഷികമേഖലക്ക് നിലനിൽപ്പുള്ളൂവെന്നും പ്രസാദ് പറഞ്ഞു.
യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ആസ്ട്രേലിയയിലെ ഹാക്കറ്റ് പ്രഫ. ഡോ. കടമ്പോട്ട് സിദ്ദീഖ്, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പോൾ തോമസ് എന്നിവർക്ക് ഓണററി ഡോക്ടറേറ്റ് നൽകി സർവകലാശാല ആദരിച്ചു.
വയനാട് ദുരന്തബാധിതർക്കായി കേരള കാർഷിക സർവകലാശാല നൽകുന്ന ധനസഹായം ചാൻസലർ കൂടിയായ ഗവർണർ കൃഷി മന്ത്രിക്ക് കൈമാറി. സ്ത്രീധനത്തിനെതിരെ കാർഷിക സർവകലാശാല വിദ്യാർഥികൾ ഒപ്പുവെച്ച പ്രഖ്യാപനം പ്രോ-ചാൻസലർ കൂടിയായ കൃഷിമന്ത്രി ഗവർണർക്ക് കൈമാറി. സർവകലാശാലയുടെ മയക്കുമരുന്നിനെതിരായ പ്രമേയവും ചാൻസലർക്ക് കൈമാറി.
കൃഷി, എൻജിനീയറിങ്, ഫോറസ്ട്രി എന്നീ ഫാക്കൽറ്റികളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. കൃഷി, എൻജിനീയറിങ്, ഫോറസ്ട്രി എന്നീ മൂന്നു ഫാക്കൽറ്റികളിലായി 1039 വിദ്യാർഥികളിൽ 70 ഡോക്ടറേറ്റ്, 222 ബിരുദാനന്തര ബിരുദം, 565 ബിരുദം, 65 ഡിപ്ലോമ എന്നിവയാണ് നൽകിയത്. 117 പേർ നേരിട്ട് ചടങ്ങിൽ പങ്കെടുത്തില്ല.
സംഗീതജ്ഞനായ ശ്രീജിത്ത് ജി. കമ്മത്തും സംഘവും അവതരിപ്പിച്ച പുല്ലാങ്കുഴൽ കച്ചേരിയോടെയാണ് പരിപാടി ആരംഭിച്ചത്. രജിസ്ട്രാർ ഡോ. സാക്കിർ ഹുസൈൻ, ഡീൻമാരായ ഡോ. റോയ് സ്റ്റീഫൻ, ഡോ. പി.ആർ. ജയൻ, ഡോ. ടി.കെ. കുഞ്ഞാമു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.