തകർന്ന പെരിയമ്പലം ബീച്ച് റോഡിൽ ഫെസ്റ്റിവലിന്റെ ഭാഗമായി കരിങ്കൽ പൊടി വിതറിയപ്പോൾ
അണ്ടത്തോട്: പെരിയമ്പലം- അണ്ടത്തോട് ബീച്ച് ഫെസ്റ്റിവല്‍ നടക്കാൻ മൂന്ന് ദിവസം ബാക്കി നിൽക്കെ അറ്റകുറ്റപ്പണി തീർക്കാത്ത ബീച്ചിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായത് പൊതുജനത്തിന് ദുരിതമാകും. പെരിയമ്പലം ബീച്ച് റോഡാണ് വർഷങ്ങളായി തകർന്ന് കിടക്കുന്നത്. അടുത്ത 28ന് പെരിയമ്പലം ബീച്ചിൽ ആരംഭിക്കുന്ന ഫെസ്റ്റിൽവൽ 31ന് പുതുവർഷത്തോടെയാണ് സമാപിക്കുക. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹകരണത്തോടെയാണ് പെരിയമ്പലം- അണ്ടത്തോട് ബീച്ച് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്. ബീച്ചിൽ ഏഴ് ദിവസം നീളുന്ന കാര്‍ണിവെല്‍ തിങ്കളാഴ്ച വൈകിട്ട് ആരംഭിക്കും. 28ന് വൈകിട്ട് അണ്ടത്തോട് സെന്ററില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പെരിയമ്പലം ബീച്ചില്‍ സമാപിക്കും. റോഡിൽ കരിങ്കൽപ്പൊടി വിതറിയതിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് അധികൃതരെന്ന് പരിസരവാസികൾ ആക്ഷേപിക്കുന്നു.
റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുമ്പോഴും, ശക്തമായ കാറ്റ് വീശുമ്പോഴും പൊടി പാറി യാത്രക്കാർക്കും, സമീപത്തെ വീട്ടുകാർക്കും ഏറെ ദുരിതമായിരിക്കുകയാണ്. ദിനംപ്രതി പോലും നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന പെരിയമ്പലം ബീച്ച് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ പൊടി വിതറൽ.
ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ചേർന്ന പല യോഗത്തിലും റോഡ് വിഷയം ചോദ്യം ഉയർന്നപ്പോൾ ഉടൻ നിർമാണം തുടങ്ങുമെന്ന് പറഞ്ഞാണ് പഞ്ചായത്ത് അധികാരികൾ നാട്ടുകാരെ ശാന്തരാക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ബീച്ച് റോഡ് നവീകരണത്തിനായി മൂന്ന് വർഷം മുമ്പ് ഫണ്ട് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.