രക്തസമ്മര്‍ദവും പ്രമേഹവുമുള്ളവര്‍ മാസ്ക് ധരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുകയാണ്. രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ട. ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ആവശ്യമാണ്. അതിനാല്‍ ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങള്‍ പ്രധാനവെല്ലുവിളിയാണ്. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നു.

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗിലൂടെ 1.11 കോടി ജനങ്ങളെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ പദ്ധയുടെ രണ്ടാംഘട്ട തുടര്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നതാണ്. കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നു. കാന്‍സര്‍ ഗ്രിഡ് സംസ്ഥാനത്ത് ഫലപ്രദമായി നടത്തി വരുന്നു.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ക്ലബ്ബുകള്‍ രൂപീകരിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കുമെന്നും മ​ന്ത്രി പറഞ്ഞു. 

Tags:    
News Summary - People with high blood pressure and diabetes should wear masks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.