ജമാഅത്തെ ഇസ്ലാമി 75ാം വാർഷിക കാമ്പയിനിന്റെ ജില്ല പര്യടനങ്ങളുടെ തുടക്കംകുറിച്ച് കണ്ണൂരിൽ നടന്ന സൗഹൃദസദസ്സിൽ സംസ്ഥാന അമീർ എം.ഐ. അബ്ദുൽ അസീസ് സംസാരിക്കുന്നു
കണ്ണൂർ: ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തെ സമ്പൂർണമായ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കെ നാടിന്റെ വൈവിധ്യങ്ങളുടെ നിലനിൽപിനായി ഐക്യപ്പെടാൻ സംഘടനകളും സമൂഹങ്ങളും തയാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ജമാഅത്തെ ഇസ്ലാമി 75ാം വാർഷിക കാമ്പയിനിന്റെ ജില്ലപര്യടനങ്ങളുടെ തുടക്കംകുറിച്ച് കണ്ണൂരിൽ നടന്ന സൗഹൃദസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം സ്നേഹിച്ച് ജീവിക്കുന്നവരെ പൊറുപ്പിക്കാനാവാത്ത ഫാഷിസ്റ്റ് സാഹചര്യമാണ് വളർത്തപ്പെടുന്നതെന്നും തെറ്റിദ്ധാരണകൾ നീക്കാനുള്ള സംഭാഷണങ്ങളാണ് നിർവഹിക്കപ്പെടേണ്ടതെന്നും അമീർ സൂചിപ്പിച്ചു. സദസ്സിന്റെ അന്വേഷണങ്ങൾക്ക് അമീർ വിശദീകരണം നൽകി.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽഹക്കീം നദ്വി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുൽകരീം ചേലേരി, കേരള വഖഫ് ബോർഡ് അംഗം പി.വി. സൈനുദ്ദീൻ, ഡി.സി.സി സെക്രട്ടറി അഡ്വ. റഷീദ് കവ്വായി, സി.എ. അബൂബക്കർ (കെ.എൻ.എം മർക്കസുദ്ദഅവ), ഒ. മുഹമ്മദ് അസ്ലം, അശ്റഫ് പുറവൂർ (ഐ.എൻ.എൽ ഡെമോക്രാറ്റിക്) എന്നിവർ സംസാരിച്ചു.അസി. അമീർ പി. മുജീബ് റഹ്മാൻ സമാപന പ്രസംഗം നടത്തി. ജില്ല പ്രസിഡന്റ് മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും സംസ്ഥാന പി.ആർ മീഡിയ സെക്രട്ടറി സമദ് കുന്നക്കാവ് നന്ദിയും പറഞ്ഞു. പര്യടനത്തിൽ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ശൂറ അംഗം ഡോ. ആർ. യൂസഫ്, മേഖല നാസിമുമാരായ യു.പി. സിദ്ദീഖ്, വി.പി. ബഷീർ, ജില്ല സെക്രട്ടറി സി.കെ. അബ്ദുൽ ജബ്ബാർ, പി.ആർ ജില്ല കൺവീനർ കെ.എം. മഖ്ബൂൽ എന്നിവർ അനുഗമിച്ചു.ജമാഅത്തെ ഇസ്ലാമി രൂപവത്കരണത്തിന് 75 വർഷം പൂർത്തിയായതിന്റെ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള അമീറിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ആരംഭിച്ച സന്ദേശപ്രയാണത്തിൽ സാമൂഹിക, രാഷ്ട്രീയ, മത, സാഹിത്യ, സാംസ്കാരിക മേഖലയിലെ പ്രമുഖരെ സന്ദർശിച്ച് ആശയവിനിമയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.