കൊച്ചി: ചാനൽ ചർച്ചയിൽ മുസ്ലിം അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിന്റെ മുൻകൂർജാമ്യ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പുവരുത്തണമെന്ന് വാദത്തിനിടെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ചർച്ചക്കിടെ മുസ്ലിം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടർന്ന് മറുപടി നൽകിയപ്പോൾ സംഭവിച്ച നാക്കുപിഴയാണെന്നും അബദ്ധം മനസ്സിലായപ്പോൾ പിൻവലിച്ച് മാപ്പ് പറഞ്ഞെന്നുമുള്ള വാദത്തിൽ ഹരജിക്കാരൻ ഉറച്ചുനിന്നു. അതേസമയം, പതിറ്റാണ്ടുകൾ ജനപ്രതിനിധിയായ ഒരാളിൽനിന്ന് ഇത്തരം പരാമർശം പാടില്ലെന്ന പരാമർശം കോടതി ആവർത്തിച്ചു. ചാനൽ ചർച്ച നയിച്ചയാളാണ് യഥാർഥത്തിൽ ഹരജിക്കാരനെ കുടുക്കിയതെന്ന് കോടതി വാക്കാൽ പറഞ്ഞു.
മൂന്നുവർഷം വരെ മാത്രം തടവോ പിഴയോ രണ്ടും കൂടിയോ ആണ് ഈ കുറ്റകൃത്യത്തിന് ശിക്ഷയെന്നും നാക്കുപിഴ സംഭവിച്ചതല്ലേയെന്നും കോടതി ചോദിച്ചു. എന്നാൽ, ഇത് ഒരുതവണ അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും നിരന്തരം ഒരേ കുറ്റം ആവർത്തിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. പ്രതിക്കെതിരെയുള്ളത് ജാമ്യമില്ലാ കുറ്റമാണ്.
പ്രതിയുടെ കസ്റ്റഡി ആവശ്യമില്ലാത്ത കേസാണിതെന്നും മുൻകൂർജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, കസ്റ്റഡി ആവശ്യമില്ലെങ്കിലും കേസിന്റെ ഗുരുതരാവസ്ഥയും പ്രഥമദൃഷ്ട്യ കുറ്റം ചെയ്തെന്ന ബോധ്യവും പരിഗണിച്ച് മുൻകൂർ ജാമ്യം നിഷേധിക്കാനാവുമെന്ന് സുമിത് പ്രദീപ് കേസിലെ സുപ്രീംകോടതി നിരീക്ഷണം ഉദ്ധരിച്ച് സർക്കാർ ചൂണ്ടിക്കാട്ടി. മതേതര രാജ്യത്ത് എന്തിനാണ് മതപരമായ വിദ്വേഷ പ്രസ്താവനകൾ. മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പുവരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.