ബാര്‍ കോഴ: വിജിലന്‍സ് ഡയറക്ടറുടെ മൗനം സംശയാസ്പദം -പി.സി. ജോര്‍ജ്

കോട്ടയം: അഴിമതിക്കെതിരെ കാര്‍ഡുമായി നടക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബാര്‍ കോഴക്കേസില്‍ മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഒന്നുകില്‍ മന്ത്രിസഭയിലെ പ്രമുഖന്‍ ജേക്കബ് തോമസിനെ സ്വാധീനിച്ചു. അല്ളെങ്കില്‍ മാണിയുടെയും ബാബുവിന്‍െറയും ചട്ടുകമായി വിജിലന്‍സ് ഡയറക്ടര്‍ മാറുകയാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

 ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. മാണി നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി, തുടരന്വേഷണത്തിന് കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടാഴ്ചയാണ് ഇതിന് സമയം അനുവദിച്ചത്. ഇതിനുള്ളില്‍ മാണിക്കും ബാബുവിനുമെതിരെ കേസ് ചാര്‍ജ് ചെയ്യണം. ഇല്ളെങ്കില്‍ ഇരുവരും കേസില്‍നിന്ന് രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും.

 കേസെടുത്തില്ളെങ്കില്‍ കോടതി കേസ് സ്റ്റേ ചെയ്യുന്ന സാഹചര്യമുണ്ടാകും. ഇതിലൂടെ ഇരുവര്‍ക്കും കേസില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായം പറയണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ഹൈകോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ ഹാജരായി വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയുടേതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കണം. സര്‍ക്കാറിനല്ലാതെ മറ്റാര്‍ക്കും ഇനി കേസില്‍ ഇടപെടാനാകില്ല.

മാണി കുറ്റക്കാരനാണെന്ന് ജനങ്ങള്‍ക്കെല്ലാം അറിയാം. ഇതിന് തെളിവുകളുമുണ്ട്. അഴിമതിക്കെതിരെ പോരാടുന്നുവെന്ന് പറയുന്ന പിണറായി വിജയന് വ്യക്തിത്വം തെളിയിക്കാനുള്ള അവസരമായി ഇതിനെ കാണണം. ശക്തമായ നിലപാട് സ്വീകരിച്ചില്ളെങ്കില്‍ ജനം പിണറായിയെ സംശയിക്കും. മാണിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നെന്ന് പറയുന്നില്ളെങ്കിലും അങ്ങനെ സംശയിച്ചാല്‍ തെറ്റുപറയേണ്ടതില്ളെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - pc george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.