പി.സി ജോര്‍ജ് വൃത്തിക്കേടുകളുടെ പ്രപഞ്ചം; ചാനൽ ചർച്ചകളിൽനിന്ന്​ ഒഴിവാക്കണം

വൃത്തികേടുകളുടെ പ്രപഞ്ചമാണ് പി.സി ജോര്‍ജെന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും സംവിധായകന്‍ ജിയോ ബേബി. ഇത്തരം വൃത്തികേടുകള്‍ സമൂഹത്തിന്‍റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ പ്രാതിനിധ്യവുമുണ്ട്. മാധ്യമങ്ങള്‍ തങ്ങളുടെ റേറ്റിംഗും ബിസിനസും മാത്രം ലക്ഷ്യമിട്ട് ഒരു തരം കണ്ടീഷനിങ്​ നടത്തുകയാണെന്ന് ജിയോ ബേബി പറഞ്ഞു. മലയാളത്തിലെ ഓൺലൈൻ പോർട്ടലിനോടാണ്​ ജിയോ ബേബി പ്രതികരിച്ചത്.

ജിയോ ബേബിയുടെ വാക്കുകള്‍:

പി.സി ജോര്‍ജ് സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒഴിവാക്കുക എന്നതില്‍ മാത്രമല്ല കാര്യം. പി.സി ജോര്‍ജ് ഇത്തരം വൃത്തിക്കേടുകളുടെ ഒരു പ്രപഞ്ചമാണ്. തീര്‍ച്ചയായിട്ടും അദ്ദേഹത്തെ ഒഴിവാക്കണം. അതുപോലെ തന്നെ ഇത്തരം വൃത്തികേടുകള്‍ സമൂഹത്തിന്‍റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ പ്രാതിനിധ്യവുമുണ്ട്.

നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ, എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പി.സി ജോര്‍ജ്. ദിലീപിന്‍റെയോ ഫ്രാങ്കോയുടെയോ കേസില്‍ നമുക്ക് എവിടെ വേണമെങ്കിലും നില്‍ക്കാം. അതിന് ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷേ അപ്പോള്‍ പോലും ഒരാളെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ടതില്ല. പി.സി ജോര്‍ജ് പക്ഷേ പെണ്‍കുട്ടിയെ അപമാനിക്കുകയാണ്.

പി.സി ജോര്‍ജ് എന്ന് പറയുന്നത് ഭാഷയുടെ വൃത്തികേടിന്‍റെ അങ്ങേയറ്റമാണ്. ഇത്തരം വൃത്തികേടുകള്‍ താങ്ങി നടക്കുന്നവര്‍ക്ക് ആശ്വാസവും പിന്തുണയുമാണ് പി.സി ജോര്‍ജിനെ പോലെയുള്ളവര്‍. ഇതൊക്കെ കാണാനും കേള്‍ക്കാനുമൊക്കെയുള്ള ത്വര പൊതുസമൂഹത്തിനുണ്ടാകും. ദിലീപ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുതല്‍ റിപ്പോര്‍ട്ട് തുടങ്ങുകയാണ്. ആ വിഷയത്തില്‍ നമുക്ക് അറിയേണ്ടത് കോടതി എന്ത് പറയുന്നു എന്ന് മാത്രമാണ്. നമ്മളെ കാണിച്ച് നമ്മളെ ശീലിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ നോക്കുന്നത് റേറ്റിംഗും ബിസിനസുമായിരിക്കും. അതിന് അവര്‍ക്ക് പി.സി ജോര്‍ജിനെ വേണ്ടിവരും.

Tags:    
News Summary - PC George The universe of filth; Channel discussions should be excluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.