തിരുവനന്തപുരം: പീഡനപരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തി നാല് മണിക്കൂറിനുള്ളിൽ പി.സി. ജോർജിനെ കോടതിയിൽ ഹാജരാക്കിയ പൊലീസ് നടപടിക്ക് തിരിച്ചടിയായി മണിക്കൂറുകളെടുത്ത് കോടതിയുടെ തീരുമാനം. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് യുവതിയുടെ പരാതിയിൽ മ്യൂസിയം പൊലീസ് ജോർജിനെതിരെ കേസെടുത്തത്. മണിക്കൂറുകൾക്കകം അറസ്റ്റ് നടന്നു. വൈകീട്ട് 6.15ഓടെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

സാധാരണഗതിയിൽ കോടതി സമയം കഴിഞ്ഞാൽ മജിസ്ട്രേറ്റിന്‍റെ വീട്ടിൽ പ്രതിയെ ഹാജരാക്കുകയാണ് പതിവ്. എന്നാൽ തുറന്ന കോടതിയിൽ തന്നെ ഹാജരാക്കിയാൽ മതിയെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. സാധാരണഗതിയിൽ ഇത്തരം കേസുകളിൽ 15 മിനിറ്റിനകം റിമാൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയാണ് പതിവ്. എന്നാൽ ജോർജിന്‍റെ കാര്യത്തിൽ ഒരു മണിക്കൂറോളം ഇരുഭാഗത്തിന്‍റെയും വാദം കോടതി കേട്ടു.

ഫെബ്രുവരി 10ന് നടന്ന സംഭവത്തിൽ പരാതി നൽകിയ രീതിയാണ് പ്രധാനമായും പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. സംഭവത്തിനുശേഷം ചാനലുകളിലും സമൂഹമാധ്യമങ്ങളിലും നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന പരാതിക്കാരി അന്നൊന്നും ഇക്കാര്യം പറയാതെ ഇപ്പോൾ പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് അദ്ദേഹം വാദിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ഈ വാദങ്ങൾ കേട്ടശേഷം തീരുമാനം ഉടൻ പറയാമെന്ന് മജിസ്ട്രേറ്റ് അദിനിമോൾ രാജേന്ദ്രൻ വ്യക്തമാക്കി. രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, പരാതിക്കാരിെയയും മറ്റ് കേസുകളിലെ സാക്ഷികളെയും സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. പുറത്തുവന്ന പി.സി. ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. നീതിബോധമുള്ള കോടതിയിൽ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതാണ് ജാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചക്ക് മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചതിലും അദ്ദേഹം ക്ഷമ ചോദിച്ചു.

Tags:    
News Summary - pc george arrest; Fast police action, court took time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.