മലയാലപ്പുഴ: പത്തനംതിട്ടയിൽ ആറു വയസുകാരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ശിശുക്ഷേമ സമിതിയംഗം പ്രതി. പത്തനംതിട്ട ശിശുക്ഷേമ സമിതിയംഗം എസ്. കാർത്തികക്കെതിരെയാണ് മലയാലപ്പുഴ പൊലീസ് കേസെടുത്തത്.
ഭർത്താവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസ് ആണ് കേസിലെ ഒന്നാം പ്രതി. അനധികൃതമായി പാറയും മണ്ണും കടത്തിയ വിവരം പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഫെബ്രുവരി 26നാണ് കേസുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നത്. നാല് പരാതികളാണ് മലയാലപ്പുഴ പൊലീസിന് ലഭിച്ചത്. അർജുൻ ദാസും സഹോദരൻ അരുൺ ദാസും ഉൾപ്പെടുന്ന സംഘം മലയാലപ്പുഴയിലെ പാർട്ടി അംഗത്തിന്‍റെ വീട്ടിൽ എത്തി കുട്ടിയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും കത്തി വീശുകയും ചെയ്തെന്നാണ് ആദ്യ പരാതി.
നാട്ടുകാരും പാർട്ടി അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് അർജുൻ ദാസിനെയും സംഘത്തെയും ആക്രമിച്ചെന്നാണ് രണ്ടാമത്തെ പരാതി. മൂന്നാമത്തെ കേസിലാണ് ശിശുക്ഷേമ സമിതി അംഗം കാർത്തികയെ പ്രതി ചേർത്ത് കേസെടുത്തത്.
അരുൺ ദാസിന്‍റെ വീടിന് സമീപമാണ് പരാതിക്കാരിയുടെ വീട്. കഴിഞ്ഞ ഒന്നാം തീയതി മലയാലപ്പുഴ ക്ഷേത്രത്തിലെ ഉൽസവം കഴിഞ്ഞ് പരാതിക്കാരിയും കുട്ടിയും മടങ്ങിവരവെ അരുൺ ദാസിന്‍റെ വീടിന് സമീപമെത്തിയപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. കേസിൽ അർജുൻ ദാസ്, സഹോദരൻ അരുൺ ദാസ്, അർജുൻ ദാസിന്‍റെ ഭാര്യ കാർത്തിക, അരുൺ ദാസിന്‍റെ ഭാര്യ എന്നിവരാണ് പ്രതികൾ.
വീട്ടിലേക്ക് കയറാൻ ശ്രമിച്ച അമ്മക്കും കുട്ടിക്കും നേരെ അരിവാൾ എറിയുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ വീടിന് മുമ്പിൽ നിന്ന് അരിവാൾ കണ്ടെത്തുകയും ചെയ്തു.
അതേസമയം, പരാതി വ്യാജമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും കാർത്തിക മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.