നെടുമ്പാശ്ശേരി: അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) അധികൃതർ അറിയിച്ചു.
വിദേശത്തേക്ക് പോകുന്ന യാത്രക്കാർ അഞ്ചുമണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തണം. സാധാരണയുള്ള പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് മറ്റൊരു പരിശോധനകൂടി ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്രക്കാരോട് നേരത്തേ എത്തണമെന്ന് നിർദേശം നൽകിയത്.
സുരക്ഷ ശക്തമാക്കിയതിനെത്തുടർന്ന് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും വാഹനങ്ങളും കർശനമായി നിരീക്ഷിക്കുന്നുണ്ട്. ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്.
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിച്ചു. ഇതോടെ, ആഭ്യന്തര വിമാനങ്ങൾ പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്താൻ യാത്രക്കാർക്ക് വിമാനക്കമ്പനികൾ നിർദേശം നൽകി.
എല്ലാ വിമാനങ്ങൾക്കും സെക്കൻഡറി ലാഡർ പോയന്റ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെന്നും വിമാനത്താവളങ്ങളുടെ ടെർമിനൽ കെട്ടിടങ്ങളിൽ സന്ദർശകരെ വിലക്കിയതായും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.