കൊച്ചി: വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ വിജയകരമായി തുടങ്ങിവെച്ച മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കൽ പെട്ടെന്ന് നിർത്തിവെപ്പിച്ചതിന് പിന്നിൽ അദ്ദേഹത്തിന് പാർട്ടിയിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത സമ്മർദം. മൂന്നാർ ദൗത്യത്തിന് നേതൃത്വം നൽകിയ ഐ.എ.എസ് ഉദ്യോഗസ്ഥനും വി.എസിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ. സുരേഷ് കുമാറാണ് തന്റെ പുതിയ പുസ്തകത്തിൽ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ‘വി.എസ്സിനൊപ്പം എന്റെ ദിനങ്ങൾ’ എന്ന പുസ്തകത്തിൽ മൂന്നാർ ദൗത്യം തകർക്കാൻ സി.പി.എമ്മും സി.പി.ഐയും നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ, അന്യ സംസ്ഥാന ലോട്ടറി, എസ്.എൻ.സി ലാവ്ലിൻ കേസുകളിൽ വി.എസിന്റെ പോരാട്ടങ്ങൾ എന്നിവയെക്കുറിച്ച ഒട്ടേറെ കാര്യങ്ങൾ സുരേഷ് കുമാർ തുറന്നെഴുതുന്നുണ്ട്.
28 ദിവസം കൊണ്ട് 95 അഞ്ച് നില കെട്ടിടങ്ങൾ ഇടിച്ചുനിരത്തുകയും 17,000 ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്ത മൂന്നാർ ദൗത്യം പെട്ടെന്ന് നിർത്തിവെക്കാൻ വി.എസ് നിർദേശിച്ചു. സി.പി.ഐയുടെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായിരുന്നു. അതിനേക്കാൾ വലുതായിരുന്നു സി.പി.എമ്മിന്റേത്. ഒരിഞ്ച് പോലും മുന്നോട്ടുപോകാൻ അനുവദിക്കാത്ത ഘട്ടം വന്നു. ദൗത്യം തൽക്കാലം നിർത്തണമെന്ന് പറഞ്ഞ വി.എസിനോട് പാർട്ടി ഓഫിസുകളെ രക്ഷിക്കാനല്ലേ എന്ന് താൻ ചോദിച്ചു. ‘അതുകൂടി ഉണ്ട് സുരേഷേ’ എന്നായിരുന്നു മറുപടി. മൂന്നാറിന് പുറത്തുള്ളത് ഒഴിപ്പിക്കട്ടേ എന്ന് ചോദിച്ചപ്പോൾ അതും വേണ്ടെന്ന് പറഞ്ഞു. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയും എം.എൽ.എമാരായിരുന്ന കെ.കെ. ജയചന്ദ്രനും എസ്. രാജേന്ദ്രനും ഇതിനായി എങ്ങനെയെല്ലാം ഇടപെട്ടു എന്നും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ദൗത്യം നിർത്തിവെപ്പിക്കുന്നതിൽ പിണറായി വിജയനുമായി ധാരണയുണ്ടാക്കിയ ശേഷമാണ് മണി വി.എസ് പക്ഷത്തുനിന്ന് മറുകണ്ടം ചാടിയത്.
എസ്.എൻ.സി ലാവ്ലിൻ കേസിൽ 2006 മാർച്ച് എട്ടിന് പി.ബിക്ക് വി.എസ് അയച്ച കത്തിൽ പാർട്ടിയുടെയും പാർട്ടി സെക്രട്ടറിയുടെയും വിശ്വാസ്യത വളരെയേറെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് പിണറായി വിജയൻ സ്വയം ഒഴിയുകയോ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കുന്നതു വരെ ഒഴിഞ്ഞുനിൽക്കാൻ പിണറായിയോട് കർശനമായി നിർദേശിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സുരേഷ്കുമാർ എഴുതുന്നു.
താൻ കടന്നുപോയ അനുഭവങ്ങളുടെ സമാഹാരമാണ് പുസ്തകമെന്നും അടുത്തറിഞ്ഞ വി.എസിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്താനാണ് ശ്രമമെന്നും സുരേഷ് കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്, ലോട്ടറി കേസുകളിൽ ഉപദേശങ്ങളും നിർദേശങ്ങളും തേടിയാണ് തന്നെ കന്റോൺമെന്റ് ഹൗസിലേക്ക് വിളിപ്പിച്ചത്. അവിടെയാണ് തങ്ങളുടെ ബന്ധത്തിന്റെ തുടക്കം. സത്യസന്ധമായി ഇങ്ങനെ പുസ്തകം എഴുതണമെന്ന് പറഞ്ഞത് അച്ഛനും വി.എസുമാണെന്നും എല്ലാം മറയ്ക്കാതെ എഴുതണം, നാട്ടുകാർ അറിയട്ടെ എന്നായിരുന്നു വി.എസിന്റെ ഉപദേശമെന്നും സുരേഷ് കുമാർ പറഞ്ഞു. ശനിയാഴ്ച 11ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ കെ. സുധാകരൻ എം.പി പുസ്തകം പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.