കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ നിരവധി പേർക്ക് കാഴ്ചവെച്ച കേസിൽ പിതാവിന് 10 വർഷം കഠിന തടവ്. പിതാവിനെ കൂടാതെ ഇടനിലക്കാരി ചേർത്തല തൈക്കാട്ടുശ്ശേരി പൂച്ചാക്കൽ കല്ലുങ്കൽ വീട്ടിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശിനി ഖദീജയെ (61) രണ്ട് വർഷം കഠിന തടവിനും കോടതി ശിക്ഷിച്ചു. കേസിൽ വിചാരണ നേരിട്ട മറ്റ് അഞ്ച് പ്രതികളെ എറണാകുളം അഡീഷനൽ സെഷൻസ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
രണ്ടാം പ്രതിയായ പെൺകുട്ടിയുടെ മാതാവ്, മൂന്നാം പ്രതി ആലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ സീനത്ത് (46), പെൺകുട്ടിയെ പീഡിപ്പിക്കാനായി വാങ്ങിയ കുന്നത്തുനാട് മഴുവന്നൂർ നെല്ലാട് പുൽപ്രയിൽ തോമസ് വർഗീസ് (52), കുന്നത്തുനാട് ഐരാപുരം മംഗലത്ത് മൂലേക്കുടി വീട്ടിൽ സ്വരാജ് (41), കുന്നത്തുനാട് പുത്തൻകുരിശ് കറവൻകുടി വീട്ടിൽ എൽദോ കെ.മാത്യു (49) എന്നിവരെയാണ് വെറുതെ വിട്ടത്. 2010 ജൂണിൽ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിച്ച പെൺകുട്ടിയെ 10,000 രൂപ പ്രതിഫലം വാങ്ങി മൂന്നും നാലും പ്രതികൾ വഴി അഞ്ചും ആറും ഏഴും പ്രതികൾക്ക് കൈമാറി.
തുടർന്ന് അഞ്ച് മുതൽ ഏഴ് വരെ പ്രതികൾ തിരുവനന്തപുരത്ത് ടൂറിസ്റ്റ് ഹോമിൽ കൊണ്ടുപോയി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ, പീഡിപ്പിച്ച മൂന്ന് പ്രതികളെയും പെൺകുട്ടി തിരിച്ചറിയാത്ത സാഹചര്യത്തിലാണ് ഇവരെ വെറുതെ വിട്ടത്. പത്ത് വർഷം കഠിന തടവിന് പുറമെ ഒന്നാം പ്രതി 50,000 രൂപയും നാലാം പ്രതി 20,000 രൂപയും പിഴ അടക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
കോവിഡ് പശ്ചാത്തലത്തിൽ ജയിലിൽ കഴിയുന്ന ഒന്നാം പ്രതിയെ വിഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്. മറ്റ് പ്രതികൾ നേരിട്ട് ഹാജരായിരുന്നു. നേരത്തേ പലതവണ നടന്ന വിചാരണയിൽ ജീവപര്യന്തം തടവ് അടക്കം ശിക്ഷ ലഭിച്ച ഒന്നാം പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.