തൃശൂർ: കൊമ്പൻ പാറമേക്കാവ് ദേവസ്വം ശ്രീ പത്മനാഭൻ (58) ചെരിഞ്ഞു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. രാത്രി 9.30ഓടെ പാടൂക്കാട് പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർക്കെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞുവീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിർത്തിയെങ്കിലും വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ചെരിഞ്ഞത്.
പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവക്ക് കോലമേറ്റുന്നത് പത്മനാഭനാണ്. തൃശൂർ പൂരത്തിലെ പ്രധാന ചടങ്ങായ പാറമേക്കാവ് വിഭാഗത്തിന്‍റെ പുറത്തേക്കെഴുന്നള്ളിപ്പിനെ പ്രൗഢമാക്കുന്നത് പത്മനാഭന്‍റെ തലപൊക്ക മികവ് കൂടിയാണ്. ബിഹാറിൽനിന്നും നന്തിലത്ത് ഗോപുവാണ് തൃശൂരില്‍ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു.
കേരളത്തിലെത്തിച്ച അടുത്ത ദിവസം തന്നെ എഴുന്നള്ളിച്ചതും പ്രത്യേകതയാണ്. ഒമ്പതേ മുക്കാല്‍ അടി ഉയരവും നീണ്ട കൊമ്പും ഉയര്‍ന്ന മസ്തകവും നിലത്തിഴയുന്ന തുമ്പിക്കൈയുമായി ആനസൗന്ദര്യങ്ങളിലെ അപൂർവതയായിരുന്നു പാറമേക്കാവ് പത്മനാഭൻ. ഇക്കഴിഞ്ഞ തൃശൂർ പൂരത്തിന് ഉൾപ്പെടെ തിടമ്പേറ്റിയിരുന്നു. 2006 മുതൽ ഒന്നര പതിറ്റാണ്ട് കാലം തൃശൂർ പൂരത്തിൽ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ആന കേരളത്തിലെ നിരവധി പ്രശസ്തമായ പൂരങ്ങളിലും വേലകളിലും ഉത്സവങ്ങളിലും തിടമ്പാനയായി തന്നെ പങ്കെടുത്തിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കോടനാട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.