സമാന്തര ടെലിഫോൺ എക്സ്​ചേഞ്ച്​ കേസിൽ അറസ്റ്റിലായ അബ്​ദുൽ ഗഫൂറിനെ ​പൊലീസ്​ മജിസ്​ട്രേറ്റിന്​ മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു

സമാന്തര എക്സ്​ചേഞ്ച്​:സെർവർ നെതർലൻഡ്സിന്‍റേത്; സോഫ്റ്റ് വെയർ ചൈനയുടേത്

കോഴിക്കോട്: നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ നടത്താൻ പ്രതികളുപയോഗിച്ചത് നെതർലൻഡ്സിന്‍റെ സെർവറും ചൈനയുടെ സോഫ്റ്റ്വെയറുമെന്ന് സി- ബ്രാഞ്ച് കണ്ടെത്തി. പ്രതികളുപയോഗിച്ച സെർവർ മോണിറ്റർ ചെയ്തത് ഔറംഗബാദ് സ്വദേശിയാണെന്ന് വ്യക്തമായിരുന്നു. തുടർന്ന് സർക്കാർ തലത്തിൽ ഇടപെട്ടതോടെയാണ് സെർവർ നെതർലൻഡ്സിന്റേതാണെന്ന് വ്യക്തമായത്.

മാത്രമല്ല, ഇതിലേക്കാവശ്യമായ സോഫ്റ്റ്വെയർ ചൈനയുടേതാണെന്ന് മനസ്സിലായതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള റൂട്ടുകളുടെ വിവരങ്ങൾ പൂർണമായും ചൈനക്ക് ലഭ്യമാകുമെന്നും അന്വേഷണസംഘം പറയുന്നു. ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള റൂട്ടുകൾ ഈ സംഘം സ്വീകരിക്കുകയും ചെയ്തിരുന്നു. വിദേശത്തുള്ള നിയാസ് കുട്ടശ്ശേരിയാണ് റൂട്ടുകൾ കൈമാറുന്നതിന് ഇടനില നിന്നത്. ഇയാളാണ് കേസിലെ മുഖ്യ സൂത്രധാരൻ പി.പി. ഷബീറിന് റൂട്ടുകൾക്ക് പ്രതിഫലമായി വിദേശ കറൻസി വൻതോതിൽ കൈമാറിയത്.

ഗർഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലുള്ള മലയാളികളടക്കം റൂട്ടുകൾ സ്വീകരിച്ചതായും സൂചനയുണ്ട്. റൂട്ടുകൾ സ്വീകരിച്ച് കൈമാറുന്നതിന് വിദേശത്ത് ചില ഏജൻസികൾ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ ഇന്‍റർനെറ്റ് കാളുകളാണ് വന്നതിലേറെയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള ടെലി കമ്യൂണിക്കേഷൻ വോയ്സ് ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ഡേറ്റ പാക്കുകളാക്കി നിയമാനുസൃത ടെലികമ്യൂണിക്കേഷൻ ചാനലുകളെ ഒഴിവാക്കി നേരിട്ട് സ്വീകർത്താവിന്‍റെ ഫോണിലേക്ക് എത്തിക്കുകയാണ് സംഘം ചെയ്തത്. പ്രതികൾക്ക് ഒരുവർഷത്തോളം ഒളിവിൽ കഴിയാൻ ആരെല്ലാമാണ് സൗകര്യമൊരുക്കിയത് എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവരം ലഭിക്കുന്ന മുറക്ക് ഇവരെയും കേസിൽ പ്രതികളാക്കുമെന്നാണ് വിവരം. 

ബൈക്ക് കസ്റ്റഡിയിൽ; ലാപ്ടോപ്പിനെ കുറിച്ച് സൂചന

കോഴിക്കോട്: നഗരപരിധിയിൽ പ്രവർത്തിച്ച സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിലെ ആവശ്യങ്ങൾക്കായി ഉപയോഗിച്ച ബൈക്ക് സി -ബ്രാഞ്ച് കണ്ടെടുത്തു. പൊലീസ് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യസൂത്രധാരൻ പി.പി. ഷബീർ നൽകിയ വിവരമനുസരിച്ചാണ് ബൈക്ക് പിടിച്ചെടുത്ത്. ഒളിവിൽ കഴിയുമ്പോൾ ഉൾപ്പെടെ ഷബീറുപയോഗിച്ച ഡസ്റ്റർ, എത്തിയോസ് അടക്കം മൂന്ന് കാറുകളും രണ്ട് മൊബൈൽ ഫോണുകളും നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മാത്രമല്ല സമാന്തര എക്സ്ചേഞ്ചുകളുടെ പൂർണ വിവരങ്ങളുള്ള ലാപ്ടോപ്പിനെക്കുറിച്ചുള്ള സൂചനകളും അന്വേഷണസംഘത്തിന് ലഭിച്ചു. ഷബീറിനെ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിച്ച ഇടങ്ങളിൽ തിങ്കളാഴ്ച രാവിലെ സി -ബ്രാഞ്ച് തെളിവെടുപ്പിന് കൊണ്ടുപോകും.

Tags:    
News Summary - Parallel Exchange:Server is from Netherlands; The software belongs to China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.