കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസിൽ അറസ്റ്റിലായ വയനാട് സ്വദേശി വിജിത് വിജയന് കൊല്ലപ്പെട്ട മാവോവാദി നേതാവുമായി ബന്ധമെന്ന് എൻ.ഐ.എ. അഞ്ചുദിവസത്തെ കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷം വിജിത് വിജയനെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയതിനൊപ്പം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2019ൽ വൈത്തിരിയിൽ പൊലീസിെൻറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി. ജലീലുമായി അടുത്ത ബന്ധമുണ്ടായിരുന്നതായാണ് ആരോപണം. 2019 മാർച്ച് ഏഴിനാണ് ജലീൽ കൊല്ലപ്പെട്ടത്. ജലീൽ കോഴിക്കോട്ട് വിവിധ സ്ഥലങ്ങളിലായി സംഘടിപ്പിച്ച യോഗങ്ങളെക്കുറിച്ച് വിജിത്തിന് അറിവുണ്ടായിരുന്നു. സി.പി.ഐ (മാവോയിസ്റ്റ്) പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധപ്പെട്ടാണ് വിജിത് വിജയൻ പ്രവർത്തിച്ചിരുന്നതെന്നും എൻ.ഐ.എ ആരോപിക്കുന്നുണ്ട്. സി.പി.ഐയുടെ (മാവോയിസ്റ്റ്) നിരവധി ഇംഗ്ലീഷ് സാഹിത്യങ്ങൾ വിജിത് വിജയൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഈ സാഹിത്യങ്ങൾ സംസ്ഥാനത്ത് മാവോവാദി ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.
സംഘടനയിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യാനും പ്രതികൾ ലക്ഷ്യംവെച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, കോഴിക്കോട് നിരവധി മാവോവാദി രഹസ്യയോഗങ്ങൾ നടന്നതായും ഈ യോഗങ്ങളിൽ വിജിത് വിജയനും ഒളിവിൽ കഴിയുന്ന കേസിലെ മൂന്നാംപ്രതി സി.പി. ഉസ്മാനും പങ്കാളികളായതായും എൻ.ഐ.എ ആരോപിച്ചു. ഒളിവിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ നൽകിയിരുന്നത് വിജിത്താണെന്നും ആരോപണമുണ്ട്.
മാവോയിസ്റ്റ് ഗ്രൂപ്പുകളിൽ പച്ച, ബാലു, മുസാഫിർ, അജയ് എന്നീ പേരുകളിലാണ് വിജിത് അറിയപ്പെടുന്നതെന്ന് റിപ്പോർട്ടിലുണ്ട്. വിജിത് വിജയനിൽനിന്ന് പിടികൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ പരിശോധനക്ക് എൻ.ഐ.എ സി-ഡാക്കിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ, സോഷ്യൽ മീഡിയയിലെ പങ്കാളിത്തവും പരിശോധിച്ചുവരുകയാണ്. കോഴിക്കോടിന് പുറമെ, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ യോഗങ്ങളിലും പങ്കാളിയായി. എൻ.ഐ.എയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതിയെ ഫെബ്രവുരി 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
2019 നവംബർ ഒന്നിന് കോഴിക്കോട്ടുവെച്ച് അലൻ ഷുഹൈബും ത്വാഹ ഫസലും പിടിയിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് 2019 ഡിസംബറിൽ പൊലീസിൽനിന്ന് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തിരുന്നു. വിജിത് വിജയനെ കൂടാതെ, സുഹൃത്ത് എൽദോ വിൽസനെയും എൻ.ഐ.എ കേസിൽ പ്രതിചേർത്തതായാണ് എൻ.ഐ.എ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.