പാനൂർ: സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ് പ്ലസ് വൺ വിദ്യാർഥിയുടെ കൈയെല്ല് പൊട്ടിയ സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ. പാനൂർ സൈന മൻസിലിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് നഹ്യാൻ (18), പൊയിലൂർ മണ്ടോടിയന്റവിട ഇസ്മായിലിന്റെ മകൻ ഫസൽ (18), പൊയിലൂർ വലിയ വലിക്കോത്ത് നൗഷാദിന്റെ മകൻ മുഹമ്മദ് നസിൽ (18) എന്നിവരെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ അഞ്ചു പേർക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. അറസ്റ്റിലായ മൂന്നു പേരുൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയായിരുന്നു കേസ്.
പാറാട് പി.ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥി മുഹമ്മദ് നിഹാലിനാണ് (17) ബുധനാഴ്ച ഉച്ചക്ക് 1.45ഓടെ സ്കൂൾ കാന്റീൻ പരിസരത്ത് മർദനമേറ്റത്. മർദനമേറ്റ വിദ്യാർഥിയെ നിലത്തിട്ടും സീനിയർ വിദ്യാർഥികൾ ചവിട്ടിയതിനെ തുടർന്ന് ഇടതുകൈയുടെ രണ്ട് എല്ലുകൾ പൊട്ടി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സീനിയർ വിദ്യാർഥികളെ ബഹുമാനിക്കുന്നില്ലെന്നാരോപിച്ചാണ് മർദനം.
നിഹാലിനെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ അറസ്റ്റിലായവരെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.