കൊച്ചി: ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അനുമതി ഹൈകോടതി സ്റ്റേ ചെയ്തു. ദേവസ്വം ബോർഡ് അനുമതിയുടെ മറവിൽ തമിഴ്‌നാട് ഈറോഡിലെ ലോട്ടസ് മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇ.കെ. സഹദേവൻ പണപ്പിരിവ് തുടങ്ങിയതിൽ പൊലീസ് അന്വേഷണം നടത്താനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. വിഗ്രഹത്തിന്റെ പേരിൽ സ്വകാര്യ ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയ സംഭാവന ആരും പിൻവലിക്കുന്നില്ലെന്ന് ശബരിമല ചീഫ് പൊലീസ് കോഓഡിനേറ്റർ ഉറപ്പുവരുത്തണം.
വിഗ്രഹത്തിന്‍റെ പേരിൽ സഹദേവൻ പണപ്പിരിവ് തുടങ്ങിയതിനെക്കുറിച്ച് ശബരിമല സ്പെഷൽ കമീഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് വിഷയം കോടതി പരിഗണിച്ചത്. വിഗ്രഹം സ്ഥാപിക്കുന്നതിനു കത്തിടപാട് നടന്നെങ്കിലും അനുമതി നൽകിയിട്ടില്ലെന്നായിരുന്നു ദേവസ്വം ബോർഡ് നിലപാട്. എന്നാൽ, വിഗ്രഹം സ്ഥാപിക്കാനുള്ള അപേക്ഷക്ക് ബോർഡ് പ്രസിഡന്റ് അംഗീകാരം നൽകിയതായി ഫയലുകളിൽനിന്ന് വ്യക്തമാകുന്നതായി കോടതി പറഞ്ഞു.
ദേവസ്വം കമീഷണറുടെ റിപ്പോർട്ടിന് കാത്തുനിൽക്കാതെയാണ് ജൂലൈ ഒന്നിന് അപേക്ഷ അംഗീകരിച്ചത്. തന്ത്രിയുടെ അഭിപ്രായം തേടിയോ എന്ന് വ്യക്തമല്ലെങ്കിലും ലാഘവത്തോടെയാണ് ബോർഡ് അനുവാദം നൽകിയതെന്നതിന് വ്യക്തതയുണ്ടെന്ന് വിലയിരുത്തിയ കോടതി, തുടർനടപടി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു. ക്ഷേത്രാങ്കണത്തിൽ വിഗ്രഹ സങ്കൽപത്തിന്‍റെ പ്രസക്തിയെന്തെന്നും കോടതി ചോദിച്ചു.
വിഗ്രഹത്തിന്റെ പേരിൽ വലിയ തുക ‘റോട്ടറി ഫ്രീഡം ഇന്ത്യ’ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയതായി സർക്കാർ അറിയിച്ചു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ ഇതുവരെ പൊലീസിൽ പരാതി നൽകാത്തതിനെ വിമർശിച്ച കോടതി, പമ്പ എസ്.എച്ച്.ഒയുമായി ബന്ധപ്പെട്ട് ഇതിന് നടപടിയെടുക്കാൻ നിർദേശിച്ചു. എതിർകക്ഷിയായ ഡോ. സഹദേവന് ഇ-മെയിലിൽ നോട്ടീസ് നൽകിയെങ്കിലും കൈപറ്റിയില്ല. പുതിയ നോട്ടീസ് സ്പീഡ് പോസ്റ്റിൽ അയക്കാൻ രജിസ്ട്രിക്ക് കോടതി നിർദേശം നൽകി. ദേവസ്വം സെക്രട്ടറിയോടും വിശദീകരണം തേടി. വിഷയം അടുത്തയാഴ്ച പരിഗണിക്കുന്നതുവരെ ഫയലുകൾ കോടതിയുടെ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.